ന്യൂഡൽഹി / 2026 / നവംബർ 27
ശ്രീ ഗുരു തേഗ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട അനുസ്മരണത്തിന് സമാപനമായി. കേന്ദ്ര സാംസ്കാരിക മന്ത്രാലയം ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള സാംസ്കാരിക വിഭവ പരിശീലന കേന്ദ്രത്തിന്റെ ക്യാമ്പസിലാണ് സമാപനച്ചടങ്ങ് സംഘടിപ്പിച്ചത്. കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് മുഖ്യാതിഥിയായി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ ഇഖ്ബാൽ സിങ് ലാൽപുരയും ഇന്ത്യൻ വ്യോമസേനാ മുൻ മേധാവി അമർ പ്രീത് സിങ്ങും വിശിഷ്ടാതിഥികളായി. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റു പ്രമുഖരും പങ്കെടുത്തു. മനസ്സാക്ഷിയും മതവിശ്വാസവും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും മനുഷ്യരാശിയുടെ ക്ഷേമത്തിനുമായി ഗുരു നടത്തിയ പരമത്യാഗം ചടങ്ങിൽ അനുസ്മരിച്ചു. ഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും രക്തസാക്ഷിത്വവും അവതരിപ്പിക്കുന്ന ശബദ് കീർത്തനവും പ്രദർശനവും ഹ്രസ്വചിത്രവും ചടങ്ങിന്റെ ഭാഗമായി. കരുണ, ധൈര്യം, മനുഷ്യന്റെ അന്തസ്സ്, മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തോടുള്ള ബഹുമാനം എന്നിവയെക്കുറിച്ച് ചിന്തിക്കാൻ ഈ അവതരണങ്ങൾ അവസരമൊരുക്കി.

കുരുക്ഷേത്രയിൽ തുടക്കം, ഗുരുവിന്റെ ആദരത്തിന് നാണയവും തപാൽ സ്റ്റാമ്പും
2025 നവംബർ 24 മുതൽ 2026 നവംബർ 24 വരെയായിരുന്നു അനുസ്മരണ പരിപാടികൾ. ഹരിയാനയിലെ കുരുക്ഷേത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും പരമത്യാഗവും ജനങ്ങളിലേക്കെത്തിക്കാൻ രാജ്യത്തുടനീളം സംഘടിപ്പിച്ച പരിപാടികളുടെ തുടക്കമായിരുന്നു അത്. അനുസ്മരണത്തിന്റെ ഭാഗമായി ഗുരുവിന്റെ ആദരസൂചകമായി സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി.

ഓരോരുത്തരുടെയും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കണം
ഗുരുവിനെ ആദരവോടെ ഓർക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാനും അവ ജനങ്ങളിലേക്കെത്തിക്കാനും ഒരു വർഷം നീണ്ട പ്രചാരണത്തിന്റെ സമാപനമാണിതെന്ന് ശെഖാവത്ത് പറഞ്ഞു. ഗുരുവിന്റെ ജീവിതത്തിൽനിന്നും ഉപദേശങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊള്ളുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്നത്തെ തലമുറ ആ ആദർശങ്ങൾ മനസ്സിലാക്കുകയും ജീവിതത്തിൽ സ്വീകരിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ഭൗതിക നേട്ടങ്ങൾ മാത്രം കണക്കിലെടുത്ത് മനുഷ്യന്റെ നേട്ടങ്ങൾ വിലയിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം പടുത്തുയർത്തുകയാണ് മനുഷ്യജീവിതത്തിന്റെയും പുരോഗതിയുടെയും യഥാർഥ ലക്ഷ്യം. ഗുരുവിന്റെ ഉപദേശങ്ങൾ ആ മൂല്യങ്ങളിലേക്ക് സമൂഹത്തെ ഇന്നും നയിക്കുന്നുവെന്നും വരും തലമുറകൾക്കും അവ പ്രസക്തമാണെന്നും ശെഖാവത്ത് പറഞ്ഞു.

മറ്റുള്ളവരുടെ വിശ്വാസസ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ചു
മറ്റുള്ളവരുടെ അവകാശങ്ങളും വിശ്വാസസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഗുരു തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചെന്ന് അമർ പ്രീത് സിങ് പറഞ്ഞു. ആളുകൾ പൊതുവെ സ്വന്തം മതവിശ്വാസവും ബോധ്യങ്ങളും സംരക്ഷിക്കാനാണ് ശ്രമിക്കാറ്. മറ്റുള്ളവരുടെ വിശ്വാസവും അവരുടെ സ്വാതന്ത്ര്യവും കാക്കാനാണ് ഗുരു ജീവിതം സമർപ്പിച്ചത്. അതാണ് ഗുരുവിന്റെ രക്തസാക്ഷിത്വത്തെ അസാധാരണമാക്കുന്നതെന്നും നിസ്വാർഥതയ്ക്കും ധൈര്യത്തിനും എക്കാലത്തെയും ഉദാഹരണമാണ് ആ ത്യാഗമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ട ദിനാചരണം സംഘടിപ്പിച്ചതിനും ഗുരുവിന്റെ ഉപദേശങ്ങൾ രാജ്യത്തുടനീളം ജനങ്ങളിലേക്കെത്തിച്ചതിനും സാംസ്കാരിക മന്ത്രാലയത്തെ ഇഖ്ബാൽ സിങ് ലാൽപുര അഭിനന്ദിച്ചു.
220 സ്കൂളുകളിൽ ശിൽപശാല, പങ്കെടുത്തത് 68,000ത്തോളം വിദ്യാർഥികൾ
ഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും ചിന്തകളും ജനങ്ങളിലേക്കെത്തിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിപാടികളെക്കുറിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സമർ നന്ദ വിശദീകരിച്ചു. പണ്ഡിതരും കലാകാരന്മാരും മതസംഘടനകളും പ്രാദേശിക സമൂഹങ്ങളും ഒരേ വേദിയിലെത്തി ഗുരുവിന്റെ ആദർശങ്ങൾ പങ്കുവെക്കുകയും ചർച്ച ചെയ്യുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ സാംസ്കാരിക വിഭവ പരിശീലന കേന്ദ്രം സ്കൂളുകളിൽ വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി 220 സ്കൂളുകളിൽ നടത്തിയ ശിൽപശാലകളിൽ 68,000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. കരുണ, നിസ്വാർഥത, നിർഭയത്വം, സേവനം, എല്ലാവരുടെയും ക്ഷേമം എന്നിവയെക്കുറിച്ചുള്ള ഗുരുവിന്റെ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ സമ്പന്നമായ ആത്മീയ, സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും മഹാന്മാരായ ആത്മീയ നേതാക്കളുടെ കാലാതീതമായ ഉപദേശങ്ങൾ വരും തലമുറകളിലേക്കെത്തിക്കാനുമുള്ള പ്രതിബദ്ധത ഈ പരിപാടികളിലൂടെ മന്ത്രാലയം വീണ്ടും വ്യക്തമാക്കി.

.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.