ന്യൂഡൽഹി / 2026 / നവംബർ 26
റോഡ്, വൈദ്യുതി, കൽക്കരി, റെയിൽവേ മേഖലകളിലെ അഞ്ച് സുപ്രധാന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. 78,000 കോടി രൂപയിലധികമാണ് ഇവയുടെ ആകെ ചെലവ്. നവംബർ 25ന് സേവാ തീർഥിൽ ചേർന്ന പ്രഗതിയുടെ അൻപത്തിയഞ്ചാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. പി.എം. സേതു നടപ്പാക്കുന്നതടക്കം വ്യാവസായിക പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനവും അദ്ദേഹം അവലോകനം ചെയ്തു. മുൻകൈയോടെയുള്ള ഭരണവും പദ്ധതികൾ സമയത്ത് നടപ്പാക്കുന്നതും ലക്ഷ്യമിടുന്ന പ്രഗതി, വിവരവിനിമയ സാങ്കേതികവിദ്യയും വിവിധ സംവിധാനങ്ങളും ഉപയോഗിക്കുന്ന വേദിയാണ്. പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാനും അവയുടെ പ്രയോജനം കൂടുതൽ ഫലപ്രദമായി എത്തിക്കാനും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഈ വേദിയിൽ ഒന്നിക്കുന്നു. ഡൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ രാത്രി 9.07നാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
പദ്ധതികൾ സമയത്ത് പൂർത്തിയാക്കണം, നിർമാണത്തിൽ ഉയർന്ന നിലവാരം വേണം
പദ്ധതികൾ വൈകിയാൽ ചെലവ് കൂടുന്നതിനൊപ്പം ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും ലഭിക്കേണ്ട നേട്ടങ്ങളും വൈകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാക്കിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്കാണ് ചുമതലയെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും വ്യക്തമാക്കണം. പാലിക്കാനാകുന്ന സമയപരിധിയും നിശ്ചയിക്കണം. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നതിനൊപ്പം നിർമാണത്തിൽ ഉയർന്ന നിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് പദ്ധതി വേഗത്തിലാക്കാനും ചെലവിടുന്ന തുക കൊണ്ട് കൈവരിക്കുന്ന നേട്ടങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം നിർദേശിച്ചു. കൽക്കരി പദ്ധതി സമയത്ത് നടപ്പാക്കുന്നതിനൊപ്പം, ബാധിക്കപ്പെടുന്നവരുടെ പുനരധിവാസവും മാറ്റിപ്പാർപ്പിക്കലും സമയബന്ധിതമായും അന്തസ്സോടെയും നടത്തണമെന്നും പറഞ്ഞു.
ഉപയോഗകേന്ദ്രങ്ങൾക്കരികിൽ സൗരോർജ, കാറ്റാടി പദ്ധതികൾ
വിവിധ പ്രദേശങ്ങളിലായി സൗരോർജ, കാറ്റാടി വൈദ്യുതി പദ്ധതികൾ സ്ഥാപിക്കാൻ പുതിയ മാതൃകകൾ പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പ്രാദേശികമായി ലഭ്യമായ വിഭവങ്ങളും വൈദ്യുതിയുടെ ആവശ്യകതയും കണക്കിലെടുക്കണം. സാധ്യമാകുന്നിടത്ത് വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന കേന്ദ്രങ്ങൾക്കരികിൽ പദ്ധതികൾ സ്ഥാപിക്കണം. മുടക്കമില്ലാതെ ന്യായമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനും വൈദ്യുതി പ്രസരണ സംവിധാനത്തിലെ സമ്മർദം കുറയ്ക്കാനുമാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി.ഐ. പരിശീലനത്തിൽ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂട്ടണം
ഐ.ടി.ഐകൾ നവീകരിച്ച് തൊഴിൽനൈപുണ്യവും തൊഴിൽ നേടാനുള്ള ശേഷിയും മെച്ചപ്പെടുത്തുന്ന പ്രധാനമന്ത്രി പദ്ധതിയാണ് പി.എം. സേതു. ഐ.ടി.ഐകളെ ശക്തിപ്പെടുത്താനും പദ്ധതിയിൽ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂട്ടാനും മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും നേതൃത്വം നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. ഐ.ടി.ഐകളുമായി കൈകോർക്കാനും അവയുടെ നവീകരണത്തിൽ പങ്കാളികളാകാനും വ്യവസായ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ഭാവിയിലും ആവശ്യമായ തൊഴിലാളികളെ കണക്കിലെടുത്ത് പരിശീലനം ക്രമീകരിക്കണം. ഈ സഹകരണം യുവാക്കൾക്ക് മികച്ച പരിശീലനവും തൊഴിൽ അവസരങ്ങളും നൽകാൻ സംസ്ഥാനങ്ങളും ഐ.ടി.ഐകളും വ്യവസായ സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾ ഭാവിയിൽ എത്ര വിദഗ്ധ തൊഴിലാളികൾ വേണ്ടിവരുമെന്ന് വിലയിരുത്തണം. ബന്ധപ്പെട്ട തൊഴിൽവിഭാഗങ്ങളിലെ പരിശീലനത്തിനും നിയമനത്തിനുമായി ഐ.ടി.ഐകളുമായുള്ള ബന്ധം ശക്തമാക്കണം. പ്രായോഗിക പരിശീലനത്തിനും അപ്രന്റിസ് പരിശീലനത്തിനും പിന്തുണ നൽകണം. ഐ.ടി.ഐ. പരിശീലനം പൂർത്തിയാക്കിയവരെ ജോലിക്കെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണം. ഇതിലൂടെ വിദ്യാർഥികൾക്ക് വ്യവസായ മേഖലയിൽ നേരിട്ടുള്ള പരിചയം കിട്ടും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനത്തിന് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെയും ലഭിക്കും.
ക്ലാസ് മുറിയിൽനിന്ന് കമ്പനിയിലേക്ക്, അവിടെനിന്ന് തൊഴിലിലേക്ക്
വ്യവസായങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളും ഓരോ തൊഴിൽമേഖലയുടെയും ആവശ്യങ്ങളും പരിഗണിച്ച് പരിശീലനം ക്രമീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ മേഖലയിലും നിലവിലുള്ള വ്യവസായങ്ങളും വരാനിരിക്കുന്ന നിക്ഷേപങ്ങളും കണക്കിലെടുത്ത് ഐ.ടി.ഐകളിലെ തൊഴിൽ കോഴ്സുകളും പഠനപദ്ധതിയും പരിശീലന ശേഷിയും ക്രമീകരിക്കണം. പ്രാദേശിക തൊഴിലുടമകളുമായി ഐ.ടി.ഐകൾ കൂടുതൽ അടുത്ത് പ്രവർത്തിച്ചാൽ യുവാക്കൾക്ക് വീടിനടുത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലി തേടി നിവൃത്തികേടുകൊണ്ട് നാടുവിടുന്ന സാഹചര്യം കുറയ്ക്കാനും സ്വന്തം നാടിന്റെ സാമ്പത്തിക വളർച്ചയിൽ യുവാക്കൾക്ക് പങ്കാളികളാകാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ക്ലാസ്റൂം, കമ്പനി, കരിയർ എന്നീ മൂന്ന് ഘട്ടങ്ങളുള്ള ത്രീ സി രീതി മോദി മുന്നോട്ടുവെച്ചു. ക്ലാസ് മുറിയിലെ പഠനത്തെ വ്യവസായ സ്ഥാപനങ്ങളിലെ പ്രായോഗിക പരിചയവുമായി ബന്ധിപ്പിക്കണം. അവിടെനിന്ന് ജോലിയിലേക്കും തൊഴിൽരംഗത്തെ മുന്നേറ്റത്തിലേക്കും വിദ്യാർഥികൾക്ക് വഴിയൊരുക്കണം. ആവശ്യമായ സാങ്കേതിക അറിവും യഥാർഥ തൊഴിൽ സാഹചര്യങ്ങളിലെ പരിചയവും പരിശീലനത്തിൽനിന്ന് ജോലിയിലേക്കുള്ള വ്യക്തമായ വഴിയും ഒരുക്കാൻ ഐ.ടി.ഐകളും വ്യവസായ സ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.