ന്യൂഡൽഹി / 2026 / നവംബർ 25
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ നവംബർ 26 വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിക്കും. 1949 നവംബർ 26ന് ഇന്ത്യ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ പുതുക്കാനാണ് പരിപാടി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അടിത്തറയൊരുക്കുന്നതിൽ ഭരണഘടനാ നിർമാണസഭയുടെ കരട് സമിതി അധ്യക്ഷനായിരുന്ന ഭാരതരത്ന ഡോ. ബി. ആർ. അംബേദ്കർ നൽകിയ സംഭാവനയും ചടങ്ങിൽ അനുസ്മരിക്കും. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയും ഫൗണ്ടേഷൻ അധ്യക്ഷനുമായ ഡോ. വീരേന്ദ്ര കുമാർ മുഖ്യാതിഥിയാകും. സഹമന്ത്രിമാരായ രാംദാസ് അത്താവലെയും ബി. എൽ. വർമയും ചടങ്ങിൽ സംസാരിക്കും. മന്ത്രാലയ സെക്രട്ടറി സുധാൻഷ് പന്തും പങ്കെടുക്കും.
ചർച്ചയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി
‘ഭരണഘടനയ്ക്ക് 76 വയസ്സ്, ഡോ. ബി. ആർ. അംബേദ്കറുടെ ഭരണഘടനാ കാഴ്ചപ്പാടും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’ എന്നതാണ് ആഘോഷത്തിന്റെ പ്രമേയം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ ഇന്നും പ്രസക്തമാണെന്ന് പ്രമേയം ഓർമിപ്പിക്കുന്നു. ഭരണഘടനാ ധാർമികത, ജനാധിപത്യ ഭരണം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹം എന്നിവയെക്കുറിച്ചുള്ള അംബേദ്കറുടെ കാഴ്ചപ്പാട് കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യും. ഇന്നത്തെ വെല്ലുവിളികളെ നേരിടാനും ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങൾ എങ്ങനെ സഹായിക്കുമെന്നും ചർച്ചയുണ്ടാകും.
ഭരണഘടനയുടെ ആമുഖം ലളിത് വായിക്കും
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഭരണഘടനയുടെ ആമുഖം വായിക്കും. ‘ഭരണഘടനാധിഷ്ഠിത ഭരണവും ഡോ. ബി. ആർ. അംബേദ്കറുടെ പൈതൃകവും’ എന്ന വിഷയത്തിൽ അദ്ദേഹം ഭരണഘടനാ ദിന പ്രഭാഷണവും നടത്തും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളും രാജ്യത്തെ ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് അംബേദ്കർ നൽകിയ സംഭാവനയും പ്രഭാഷണത്തിൽ ചർച്ചയാകും. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സാമൂഹ്യനീതി ഉറപ്പാക്കാനും അംബേദ്കറുടെ ആശയങ്ങൾക്ക് ഇന്നുള്ള പ്രസക്തിയും ലളിത് വിശദീകരിക്കും.
സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ ഒത്തുചേരും
രാജ്യത്തെ വിവിധ സർവകലാശാലകളിൽ സ്ഥാപിച്ച ഡോ. അംബേദ്കർ പഠനപീഠങ്ങളിലെ ചെയർ പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ, ഡോക്ടറൽ ഫെലോകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രമുഖ അധ്യാപകർ, ഗവേഷകർ, പണ്ഡിതർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവരും എത്തും. ആഘോഷത്തിന്റെ ഭാഗമായുള്ള അക്കാദമിക സംവാദത്തിൽ ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക മാറ്റം, സാമൂഹ്യനീതി, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കും. അംബേദ്കറുടെ ചിന്തകളും ധൈഷണിക പൈതൃകവും രാഷ്ട്രനിർമാണത്തിന് അദ്ദേഹം നൽകിയ സംഭാവനയും കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാൻ പഠനപീഠങ്ങളിലെ പണ്ഡിതരുടെയും പ്രതിനിധികളുടെയും പങ്കാളിത്തം സഹായിക്കും. അംബേദ്കറുടെ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കിടയിലും ഭരണഘടനയെക്കുറിച്ചുള്ള ബോധം വളർത്താനും സംവാദം ലക്ഷ്യമിടുന്നു.
ഭരണഘടന അംഗീകരിച്ച ദിനത്തിന്റെ ഓർമയിൽ
1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ജനതയുടെ പൊതുവായ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭരണഘടന പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറയൊരുക്കുന്നു. ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ പുതുക്കാനും അതിന്റെ മൂല്യങ്ങളും തത്ത്വങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് എല്ലാ വർഷവും നവംബർ 26ന് സംവിധാൻ ദിവസ് എന്നറിയപ്പെടുന്ന ഭരണഘടനാ ദിനം ആചരിക്കുന്നത്. ആഘോഷത്തിലൂടെ ഭരണഘടനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ വർധിപ്പിക്കാനും അംബേദ്കറുടെ ചിന്തകളും ദർശനവും ആദർശങ്ങളും പ്രചരിപ്പിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാനുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. എല്ലാവർക്കും തുല്യതയും അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കുന്ന ഇന്ത്യയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഭരണഘടനാധിഷ്ഠിത ജനാധിപത്യം, സമത്വം, അന്തസ്സ്, സാഹോദര്യം, സാമൂഹിക ഉൾക്കൊള്ളൽ എന്നിവയെക്കുറിച്ചുള്ള സംവാദവും പ്രോത്സാഹിപ്പിക്കും.
.