ഫരീദാബാദ് / 2026 / നവംബർ 24
ഉരുൾപൊട്ടൽ ഉണ്ടായശേഷമുള്ള ദുരിതാശ്വാസത്തിൽനിന്ന് ദുരന്തം തടയുന്നതിലേക്കും മുൻകൂട്ടി ഒരുങ്ങുന്നതിലേക്കും അപകടസാധ്യത കുറയ്ക്കുന്നതിലേക്കും ഇന്ത്യ ഘട്ടംഘട്ടമായി മാറുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഫരീദാബാദിലെ അമൃത വിശ്വവിദ്യാപീഠത്തിൽ ഏഴാമത് ലോക ഉരുൾപൊട്ടൽ ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടസാധ്യത നേരത്തേ തിരിച്ചറിഞ്ഞും മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും ഒഴിവാക്കാനാകുന്ന ജീവഹാനിയും അടിസ്ഥാനസൗകര്യങ്ങൾക്കുണ്ടാകുന്ന നാശവും തടയുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ദുരന്തനിവാരണ നയത്തിലെ വലിയ മാറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 22 മുതൽ 27 വരെയാണ് ഫോറം. ഉരുൾപൊട്ടൽ പഠനത്തിനുള്ള അന്താരാഷ്ട്ര കൺസോർഷ്യവും അന്താരാഷ്ട്ര ഉരുൾപൊട്ടൽ പഠന പരിപാടിയും സഹകരിക്കുന്ന ഫോറത്തിന് അമൃത വിശ്വവിദ്യാപീഠമാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഫോറം നടക്കുന്നത്. 75ലധികം രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും ശാസ്ത്രജ്ഞരും നയരൂപകരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ് കുമാർ തുമ്മല, അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി ദേവി, വൈസ് ചാൻസലർ ഡോ. വിക്രം രംഗൻ, പ്രോ വൈസ് ചാൻസലർ ഡോ. മനീഷ വിനോദിനി രമേഷ്, മറ്റു അക്കാദമിക രംഗത്തെ പ്രമുഖർ, വിദേശ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

4.3 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ അപകടസാധ്യതാ ഭൂപടം
ഹിമാലയം, പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖല, അപകടസാധ്യതയുള്ള മറ്റു മലപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭൂഘടനയും ഭൗമഭൗതിക സവിശേഷതകളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഉരുൾപൊട്ടൽ സാധ്യത കുറയ്ക്കുന്നത് രാജ്യത്തിന്റെ പ്രധാന മുൻഗണനയാണെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. കേരളത്തിലെ വയനാട്, ഉത്തരാഖണ്ഡിലെ ചമോലി, സിക്കിം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. ആഘാതം കുറയ്ക്കാൻ വിവിധ ശാസ്ത്രശാഖകളെ ചേർത്തുള്ള ഗവേഷണവും തുടർച്ചയായ നിരീക്ഷണവും ഏകോപിത പ്രവർത്തനവും വേണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവ വിവരനിർവഹണ സംവിധാനത്തിലൂടെ 1982 മുതൽ ശാസ്ത്ര സാങ്കേതിക വകുപ്പ് ഭൂസ്ഥല വിവരസാങ്കേതികവിദ്യയും പ്രകൃതിവിഭവ വിവരങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. 2019ൽ കൊണ്ടുവന്ന ദേശീയ ഭൂസ്ഥല വിവരനയവും ദേശീയ ഭൂസ്ഥല വിവരപരിപാടിയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയെ ശക്തിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ നേരത്തേ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനങ്ങൾ, നിർമിതബുദ്ധിയും വീഡിയോയും ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ നിരീക്ഷണം, ഭൂശാസ്ത്ര–ഭൗമഭൗതിക പഠനങ്ങൾ, അപകടസാധ്യതാ ഭൂപടങ്ങൾ, അനുബന്ധ ഗവേഷണം എന്നിവയ്ക്ക് വകുപ്പ് പിന്തുണ നൽകി. രാജ്യത്ത് ഏകദേശം 4.3 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ഉരുൾപൊട്ടൽ സാധ്യത രേഖപ്പെടുത്തുന്ന ഭൂപടം പൂർത്തിയായി. 2025 അവസാനത്തോടെ മുൻകാലങ്ങളിലുണ്ടായ ഏകദേശം 91,000 ഉരുൾപൊട്ടലുകളുടെ വിവരങ്ങളും ശേഖരിച്ചു. 2020ൽ തുടങ്ങിയ മേഖലാതല സംവിധാനം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലും പതിവായും പ്രവചനങ്ങൾ നടത്താൻ സഹായിക്കുന്നു. 2024ൽ കൊൽക്കത്തയിൽ സ്ഥാപിച്ച ദേശീയ ഉരുൾപൊട്ടൽ പ്രവചന കേന്ദ്രം ഇപ്പോൾ 20 ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.

15 സംസ്ഥാനങ്ങളിലെ ഉരുൾപൊട്ടൽ പ്രതിരോധത്തിന് 1,000 കോടി രൂപ
കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും അതിനെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനുമായി അടുത്തിടെ 1,115.67 കോടി രൂപ അനുവദിച്ചു. ദേശീയ ഉരുൾപൊട്ടൽ ആഘാതം കുറയ്ക്കൽ പദ്ധതിക്ക് 1,000 കോടി രൂപയും അംഗീകരിച്ചു. പത്ത് ഹിമാലയൻ സംസ്ഥാനങ്ങളും ഉരുൾപൊട്ടൽ സാധ്യതയുള്ള മറ്റു അഞ്ച് സംസ്ഥാനങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ ഇടക്കാല കാലാവസ്ഥാ പ്രവചന കേന്ദ്രം, ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി എന്നിവയുടെ സഹകരണത്തെക്കുറിച്ചും മന്ത്രി പറഞ്ഞു. ഭൂശാസ്ത്ര പഠനം, അപകടസാധ്യത വിലയിരുത്തൽ, ഏകോപിത നിരീക്ഷണം, ഉപഗ്രഹ നിരീക്ഷണം, നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ സാധ്യതാ ഭൂപടവും പ്രവചനവും എന്നിവയാണ് ഈ സഹകരണത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നത്.
മഴയ്ക്കൊപ്പം മണ്ണും ചരിവും നിരീക്ഷിക്കും
2,000 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ തുടങ്ങിയ മിഷൻ മൗസം രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, കാലാവസ്ഥാ മാതൃകകൾ തയ്യാറാക്കാനുള്ള ശേഷി എന്നിവ ശക്തിപ്പെടുത്തുന്നുണ്ടെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. 2025ൽ അവതരിപ്പിച്ച ഭാരത് ഫോർകാസ്റ്റ് സിസ്റ്റം ഏകദേശം ആറ് കിലോമീറ്റർ വീതമുള്ള പ്രദേശങ്ങൾക്കായി കാലാവസ്ഥാ പ്രവചനം നൽകുന്നു. ദുരന്ത മുന്നൊരുക്കത്തിനും ഭരണനടപടികൾക്കും അടിസ്ഥാനസൗകര്യ ആസൂത്രണത്തിനും ഇതിലൂടെ കൂടുതൽ പ്രാദേശിക വിവരങ്ങൾ ലഭിക്കും. മഴയുടെ പ്രവചനം മാത്രം ഉപയോഗിച്ച് ഉരുൾപൊട്ടൽ കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭൂഘടന, മണ്ണിലെ ഈർപ്പം, മണ്ണിലെ സുഷിരങ്ങളിലുള്ള വെള്ളത്തിന്റെ മർദം, ചരിവിന്റെ രൂപത്തിലുണ്ടാകുന്ന മാറ്റം, നിലത്തിന്റെ ഉറപ്പ് എന്നിവയും പരിശോധിക്കണം. കാലാവസ്ഥാ പ്രവചനത്തിനൊപ്പം ഭൂശാസ്ത്ര, മണ്ണിന്റെയും പാറയുടെയും ഉറപ്പ് സംബന്ധിച്ച, ജലശാസ്ത്ര വിവരങ്ങളും സ്ഥലത്തുനിന്ന് തത്സമയം ലഭിക്കുന്ന അളവുകളും ചേർത്താൽ ഓരോ പ്രദേശത്തിനും കൃത്യവും നടപടിയെടുക്കാൻ സഹായിക്കുന്നതുമായ മുന്നറിയിപ്പ് നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാറിലും സിക്കിമിലും മുന്നറിയിപ്പ് സംവിധാനങ്ങൾ
ഉരുൾപൊട്ടൽ ഗവേഷണത്തിലും മുന്നറിയിപ്പ് സാങ്കേതികവിദ്യയിലും അമൃത വിശ്വവിദ്യാപീഠത്തിന്റെ സംഭാവനയെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ മൂന്നാറിൽ കമ്പിയില്ലാതെ വിവരങ്ങൾ കൈമാറുന്ന സെൻസർ ശൃംഖല ഉപയോഗിച്ചാണ് ഉരുൾപൊട്ടൽ സാധ്യത കണ്ടെത്തുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ ഇന്ത്യയിൽ നടത്തിയ തുടർച്ചയായ ഗവേഷണത്തിലൂടെയാണ് ഈ സംവിധാനം വികസിപ്പിച്ചത്. മഴ, മണ്ണിലെ ഈർപ്പം, മണ്ണിലെ സുഷിരങ്ങളിലുള്ള വെള്ളത്തിന്റെ മർദം, മറ്റു ഭൗമഭൗതിക ഘടകങ്ങൾ എന്നിവ തത്സമയം അളന്ന് ചരിവിലെ മാറ്റങ്ങൾ വിലയിരുത്തുന്നു. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയും ഭാഗിക ധനസഹായത്തോടെയും സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയും സിക്കിമിലും വിപുലമായ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ പിന്തുണയുള്ള സർവകലാശാലാ ഗവേഷണം പ്രായോഗികമായി നടപ്പാക്കിയതിന്റെ ഉദാഹരണമാണിതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ തദ്ദേശീയ കണ്ടുപിടിത്തങ്ങളുടെയും മേക്ക് ഇൻ ഇന്ത്യയുടെയും ആത്മനിർഭർ ഭാരതിന്റെയും പ്രാധാന്യം ഇത്തരം പദ്ധതികൾ കാണിച്ചുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂസ്ഥല വിവരശേഖരങ്ങൾ ഏകോപിപ്പിക്കണമെന്നും ഉപഗ്രഹ, സെൻസർ നിരീക്ഷണവും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർമിതബുദ്ധി, ഭൂസ്ഥല ശാസ്ത്രം, ഉപഗ്രഹ നിരീക്ഷണം, ഭൂമിയിൽ സ്ഥാപിച്ച സെൻസറുകൾ, വിവിധ ശാസ്ത്രശാഖകളുടെ ഗവേഷണം എന്നിവ പ്രായോഗികമായി ഉപയോഗിച്ചാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമയത്ത് മുന്നറിയിപ്പ് നൽകാനാകും. അതിലൂടെ ജീവനും അടിസ്ഥാനസൗകര്യങ്ങളും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര സഹകരണം, സാങ്കേതികവിദ്യ കൈമാറ്റം, സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി, പ്രതീക്ഷിക്കാവുന്ന ആഘാതം കൂടി കണക്കിലെടുക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ഫോറം സഹായിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോറത്തിലെ ചർച്ചകൾ മലഞ്ചരിവുകൾ സുരക്ഷിതമാക്കാനും ദുരന്തങ്ങളെ ചെറുക്കുന്ന അടിസ്ഥാനസൗകര്യങ്ങളും സമൂഹങ്ങളും വളർത്താനും പ്രായോഗിക വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

.