ന്യൂഡൽഹി / 2026 / നവംബർ 23
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരംസമിതി 92-ാം യോഗം നവംബർ 23ന് ന്യൂഡൽഹിയിൽ ചേർന്നു. കടൽജീവി സംരക്ഷണമായിരുന്നു യോഗത്തിന്റെ മുഖ്യവിഷയം. കരയിലെയും കടലിലെയും വന്യജീവി സംരക്ഷണം ശക്തമാക്കാൻ ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പഠനങ്ങൾ അവതരിപ്പിച്ചു. വന്യജീവി വാരാചരണ റിപ്പോർട്ടും വന്യജീവി അനുമതി ആവശ്യമായ 133 വികസന നിർദേശങ്ങളും സമിതി പരിഗണിച്ചു.

വന്യജീവി വാരാചരണത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി
നയപരമായ അജൻഡയുടെ ഭാഗമായി 2026ലെ വന്യജീവി വാരാചരണത്തിന്റെ റിപ്പോർട്ട് സമിതി പരിശോധിച്ചു. ‘ആവാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കാം, വന്യജീവികൾ വളരട്ടെ’ എന്നതായിരുന്നു വാരാചരണത്തിന്റെ പ്രമേയം. ബക്സയിൽ കടുവകളെ വീണ്ടും തുറന്നുവിട്ടതും രാജസ്ഥാനിൽ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളെ തുറന്നുവിട്ടതും ചീറ്റപ്പുലി പദ്ധതി മൂന്നാമതൊരു കേന്ദ്രത്തിലേക്ക് വ്യാപിപ്പിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ മാർഗങ്ങൾ പിന്തുടർന്ന് സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ഫലം കൈവരിക്കാനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
വാരാചരണത്തിൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രി അഭിനന്ദിച്ചു. വന്യജീവി സംരക്ഷണത്തിൽ മുൻനിര ജീവനക്കാരും പ്രാദേശിക സമൂഹങ്ങളുമാണ് നിർണായക പങ്കുവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണത്തിനും വേട്ട തടയുന്നതിനുമുള്ള പ്രവർത്തനത്തിന് തെലങ്കാനയിലെ അന്തരിച്ച ബനോത്ത് നവീൻ, നാഗാലാൻഡിലെ ഹുകായ് എച്ച്. ഷിമോ, തമിഴ്നാട്ടിലെ വി. കുമരേശൻ എന്നിവരെ ആദരിച്ചു. വന്യജീവി നിരീക്ഷണത്തിനും പ്രത്യേക വൈദഗ്ധ്യത്തിനുമുള്ള പുരസ്കാരം മഹാരാഷ്ട്രയിലെ ഉമേഷ് ഭരത് കൽസാർപെ, ഗുജറാത്തിലെ അശ്വിൻസിങ് കിരിത്സിങ് ജഡേജ, ഉത്തർപ്രദേശിലെ ബഹ്റൈച്ച് മനുഷ്യ–വന്യജീവി സംഘർഷ നിയന്ത്രണ സംഘം എന്നിവർക്ക് ലഭിച്ചു. തിമിംഗല സ്രാവുകളെ സംരക്ഷിച്ചതിന് ഗുജറാത്തിലെ മാംഗ്രോളിലുള്ള ശ്രീ മഹാവീർ മച്ചിമാർ സഹകാരി മണ്ഡലി ലിമിറ്റഡിനും തമിഴ്നാട്ടിലെ സിരുമലൈ മലനിരകളിലെ പൊന്നുരുവി ഇക്കോ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കും സാമൂഹിക സംരക്ഷണ പുരസ്കാരം ലഭിച്ചു. അസമിലെ നമേരി കടുവാ സങ്കേതത്തിന് കടുവാ സംരക്ഷണത്തിനുള്ള കൺസർവേഷൻ അഷ്വേഡ് ടൈഗർ സ്റ്റാൻഡേർഡ്സ് അംഗീകാരവും ലഭിച്ചു.

കടലാമകളുടെയും കടൽപ്പശുക്കളുടെയും സംരക്ഷണം ചർച്ചയായി
തീരദേശ, സമുദ്ര സംരക്ഷിത മേഖലകളുടെ പരിപാലനം എത്രത്തോളം ഫലപ്രദമാണെന്ന വിലയിരുത്തൽ ശാസ്ത്രജ്ഞർ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള കടലാമകളുടെ സ്ഥിതിയും നിരീക്ഷണവും 2016 മുതൽ 2026 വരെ കടൽപ്പശുക്കളുടെയും അവയുടെ ആവാസകേന്ദ്രങ്ങളുടെയും വീണ്ടെടുപ്പിൽ കൈവരിച്ച നേട്ടങ്ങളും അവർ വിശദീകരിച്ചു. കടൽ സംരക്ഷിത മേഖലകളുടെ പരിപാലനത്തിലും കടലാമകളുടെയും കടൽപ്പശുക്കളുടെയും സംരക്ഷണത്തിലുമുള്ള നിലവിലെ സ്ഥിതിയും നേട്ടങ്ങളും അവതരണങ്ങളിൽ ഉൾപ്പെടുത്തി. നീളത്തിൽ വ്യാപിച്ചുകിടക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികൾ വന്യജീവികളിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതും ചർച്ചയായി. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ, നിർമാണക്കാർ, പരിസ്ഥിതി ഉപദേഷ്ടാക്കൾ, വന്യജീവി പരിപാലകർ, നിയന്ത്രണ ഉദ്യോഗസ്ഥർ, നയരൂപീകരണ ചുമതലയുള്ളവർ, വിശകലന വിദഗ്ധർ എന്നിവരുടെ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അവതരണത്തിൽ ചൂണ്ടിക്കാട്ടി.

കടൽജീവികളെയും ചെറുപൂച്ചകളെയും കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി
സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കാൻ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങൾ യോഗത്തിൽ പുറത്തിറക്കി. 2024 മുതൽ 2026 വരെ 108 തീരദേശ, സമുദ്ര സംരക്ഷിത മേഖലകളിൽ നടത്തിയ പഠനം പരിപാലനത്തിന്റെ ഫലപ്രാപ്തിയും മികച്ച രീതികളും കൂടുതൽ ശ്രദ്ധ വേണ്ട മേഖലകളും ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയത്തിന്റെ വന്യജീവി ആവാസകേന്ദ്ര വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് കടലാമകളെക്കുറിച്ച് രാജ്യവ്യാപക പഠനം നടത്തി. 2022 മുതൽ 2025 വരെയുള്ള മൂന്ന് മുട്ടയിടൽ കാലങ്ങളിലായി ഏകദേശം 1,300 കിലോമീറ്റർ തീരവും 360 കടൽത്തീര ഭാഗങ്ങളും പഠനത്തിൽ ഉൾപ്പെടുത്തി. നാല് ഇനം കടലാമകളുടെ മുട്ടയിടൽ സ്ഥിതി റിപ്പോർട്ട് വിശദീകരിക്കുന്നു. കാംപയുടെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കിയ കടൽപ്പശു സംരക്ഷണ പദ്ധതിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങളും മറ്റൊരു റിപ്പോർട്ടിൽ രേഖപ്പെടുത്തി. തമിഴ്നാട്ടിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് കടൽപ്പശുക്കളുടെ എണ്ണം കണക്കാക്കിയപ്പോൾ 270 എന്നാണ് കണ്ടെത്തിയത്. ഈ കണക്കിൽ 16 വരെ കൂടുകയോ കുറയുകയോ ചെയ്യാം. കടൽപ്പുല്ല് വളരുന്ന ആവാസമേഖലകൾ തിരിച്ചറിഞ്ഞതും പാക് ഉൾക്കടലിൽ ഇന്ത്യയിലെ ആദ്യ കടൽപ്പശു സംരക്ഷിത മേഖല വിജ്ഞാപനം ചെയ്തതും റിപ്പോർട്ടിലുണ്ട്.
അറബിക്കടലിലെ കൂനൻ തിമിംഗലങ്ങളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2022 മുതൽ 2025 വരെ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളും പുറത്തുവിട്ടു. ഇവയെ കാണാൻ സാധ്യതയുള്ള ഏഴ് മേഖലകൾ പഠനം കണ്ടെത്തി. മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങുന്നതുൾപ്പെടെയുള്ള ഭീഷണികളും ഭാവിയിലെ സംരക്ഷണ നടപടികൾക്കായി രേഖപ്പെടുത്തി. 2021 മുതൽ 2026 വരെയുള്ള കടലാമ സംരക്ഷണ കർമപദ്ധതിയുടെ ഭാഗമായി മൂന്ന് പ്രസിദ്ധീകരണങ്ങളും പുറത്തിറക്കി. കടലാമകളെ അടയാളപ്പെടുത്തുന്നതിനുള്ള സാങ്കേതിക മാർഗരേഖ, ഇന്ത്യൻ സമുദ്രമേഖലകളിൽ അവയുടെ സഞ്ചാരം പിന്തുടരുന്നതിനുള്ള പ്രസിദ്ധീകരണം, ഇന്ത്യയിലെ കടലാമകളെക്കുറിച്ചുള്ള പ്രസിദ്ധീകരണം എന്നിവയാണിവ. നിരീക്ഷണത്തിനും ഗവേഷണത്തിനും സംരക്ഷണത്തിനും ഇവ ശാസ്ത്രീയ മാർഗനിർദേശം നൽകുന്നു. ഇന്ത്യയിലെ ഒമ്പത് ഇനം ചെറുവന്യപൂച്ചകളെക്കുറിച്ചുള്ള ഫീൽഡ് കൈപ്പുസ്തകവും മന്ത്രി പുറത്തിറക്കി. ഇനങ്ങളെ തിരിച്ചറിയാനും സ്ഥലത്തെത്തി സർവേ നടത്താനും നിരീക്ഷിക്കാനുമുള്ള മാർഗങ്ങൾ ഇതിലുണ്ട്. കേന്ദ്ര സർക്കാരും ആഗോള പരിസ്ഥിതി നിധിയും ചേർന്നുള്ള ചെറുവന്യപൂച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കൈപ്പുസ്തകം തയ്യാറാക്കിയത്. അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര വികസന പരിപാടിയുടെയും ഗ്ലോബൽ ടൈഗർ ഫോറത്തിന്റെയും പിന്തുണയും പദ്ധതിക്കുണ്ട്.

വന്യജീവി അനുമതി വേണ്ട 133 നിർദേശങ്ങൾ പരിഗണിച്ചു
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതി വേണ്ട 133 നിർദേശങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ഥിരംസമിതി പരിഗണിച്ചു. റോഡുകൾ, പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ, കുടിവെള്ള വിതരണം, മറ്റ് അവശ്യ വികസന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണിവ. പരിസ്ഥിതിയിലുണ്ടാകാവുന്ന ആഘാതവും പൊതുജനക്ഷേമത്തിനും രാജ്യത്തിന്റെ വികസനത്തിനും പദ്ധതികൾക്കുള്ള പ്രാധാന്യവും സമിതി വിലയിരുത്തി. വന്യജീവികളെയും അവയുടെ ആവാസകേന്ദ്രങ്ങളെയും സംരക്ഷിക്കാനും ഹരിത വളർച്ച എന്ന ലക്ഷ്യം കൈവരിക്കാനും ആഘാതം കുറയ്ക്കാനുള്ള നടപടികൾ പര്യാപ്തമാണോ എന്നും പരിശോധിച്ചു.
.