ഗോവ / 2026 / നവംബർ 22
അസമിലെ കൈത്തറി പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നെയ്ത്തുകാരുടെയും അരുണാചൽ പ്രദേശിലെ മലനാട്ടിൽ മകളെ നഷ്ടപ്പെട്ട അച്ഛന്റെയും കഥകൾ ഗോവയിലെ അമ്പത്തിയേഴാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ. മേളയുടെ മൂന്നാം ദിനമായ നവംബർ 22ന് നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകരായ ഐമി ബറുവയും ദുയു ടാബ്യോയും സിനിമകളെക്കുറിച്ചും അവ ഒരുക്കിയ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഐമി ബറുവ സംവിധാനം ചെയ്ത അസമീസ് ഡോക്യുമെന്ററി ‘റെഡ് കാർപ്പറ്റ്’ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ വിഭാഗത്തിലാണ്. ദുയു ടാബ്യോയുടെ ‘ഉറും’ ഫീച്ചർ വിഭാഗത്തിലും. സ്മിത സൈകിയയാണ് വാർത്താസമ്മേളനം നിയന്ത്രിച്ചത്.
അസമിലെ ഗ്രാമത്തിൽനിന്ന് കാനിലെ ചുവന്ന പരവതാനിയിലേക്ക്
അസമിലെ കാർബി ആംഗ്ലോങ്ങിൽ കാർബി സമൂഹം നൂറ്റാണ്ടുകളായി തുടരുന്ന കൈത്തറി നെയ്ത്താണ് ‘റെഡ് കാർപ്പറ്റി’ന്റെ വിഷയം. ആധുനികവൽക്കരണവും ജീവിതരീതിയിലെ മാറ്റങ്ങളും ഈ തൊഴിലിന് ഉയർത്തുന്ന വെല്ലുവിളികൾ ചിത്രം കാണിക്കുന്നു. ഡോങ്കമോകം ഗ്രാമത്തിലെ ഒരു നെയ്ത്തുകാരന്റെ യാത്രയിലൂടെയാണ് കഥ പറയുന്നത്. കൈകൊണ്ട് നെയ്ത തുണി കാൻ ചലച്ചിത്രമേളയുടെ ചുവന്ന പരവതാനിയിലെത്തിയതും അത് ഒരു ജനതയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായി മാറിയതും ചിത്രം പിന്തുടരുന്നു. പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ അഭിനേത്രിയും നിർമാതാവും ചലച്ചിത്രപ്രവർത്തകയുമായ ഐമി ബറുവ ഇപ്പോൾ ഗവേഷണ ബിരുദം ചെയ്യുകയാണ്. നാട്ടിലെ നെയ്ത്തുകാരുടെ കരവിരുതും അവരുടെ തുണികളിൽ തെളിയുന്ന സാംസ്കാരിക സ്വത്വവും അവർ ചൂണ്ടിക്കാട്ടി. വസ്ത്രത്തിന് കിട്ടിയ രാജ്യാന്തര അംഗീകാരം തദ്ദേശീയ പൈതൃകത്തെ കൂടുതൽ പേരിലേക്ക് എത്തിച്ചെന്നും പറഞ്ഞു. നെയ്ത്തുരീതികൾ സംരക്ഷിക്കണമെന്നും സ്വന്തം ഭാഷയിലും സംസ്കാരത്തിലും ആചാരങ്ങളിലും അഭിമാനം തോന്നുന്ന പുതുതലമുറ ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്നും ഐമി ആവശ്യപ്പെട്ടു.
മകളെ നഷ്ടപ്പെട്ട അച്ഛന്റെ വേദനയുമായി ഉറും
അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട മലയോര ഗ്രാമത്തിൽ കുഞ്ഞുമകളെ ദാരുണമായി നഷ്ടപ്പെട്ട ഒരച്ഛന്റെ കഥയാണ് ‘ഉറും’. ദുഃഖം, ഓർമകൾ, തദ്ദേശീയ വിശ്വാസങ്ങൾ എന്നിവയിലൂടെ ചിത്രം മുന്നോട്ടുപോകുന്നു. കുറ്റബോധവും വേട്ടയാടുന്ന കാഴ്ചകളും അച്ഛനെ അലട്ടുന്നു. മറഞ്ഞുകിടക്കുന്ന സത്യങ്ങൾക്കും മനസ്സിലെ മുറിവുകൾക്കും ഇടയിൽ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള അയാളുടെ ശ്രമമാണ് ചിത്രം പിന്തുടരുന്നത്. ആ ജനതയുടെ ജീവിതത്തെ സ്വാധീനിക്കുന്ന അദൃശ്യശക്തികളും കഥയുടെ ഭാഗമാണ്. അരുണാചൽ പ്രദേശിൽനിന്നുള്ള സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനും സാംസ്കാരിക പ്രവർത്തകനുമാണ് ദുയു ടാബ്യോ. തദ്ദേശീയ സ്വത്വവും ഓർമകളും സാമൂഹിക യാഥാർഥ്യങ്ങളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിലെ വിഷയങ്ങൾ. കുട്ടിക്കാലത്ത് അരുണാചലിലെ സീറോയിൽ മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദന നേരിൽ കണ്ട അനുഭവം വർഷങ്ങളോളം മനസ്സിൽ നിന്നെന്നും അതാണ് സിനിമയ്ക്ക് അടിത്തറയായതെന്നും ടാബ്യോ പറഞ്ഞു. ദുഃഖത്തിലായ അച്ഛന്റെ മനസ്സും വികാരങ്ങളും മനസ്സിലാക്കാനായിരുന്നു സിനിമയിലൂടെയുള്ള ശ്രമമെന്നും ഒരു ധാർമിക സന്ദേശം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
.
നിഷി ഭാഷയിൽ സിനിമയൊരുക്കിയത് ബോധപൂർവം
കഥയുടെ തനിമ നിലനിർത്താനും നിഷി ഭാഷയെ കൂടുതൽ പേർക്ക് പരിചയപ്പെടുത്താനുമാണ് ആ തദ്ദേശീയ ഭാഷയിൽ ‘ഉറും’ ഒരുക്കിയതെന്ന് ടാബ്യോ പറഞ്ഞു. പുതുതലമുറ സ്വന്തം ഭാഷകളിൽനിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ നിഷി സമൂഹത്തിന്റെ ഭാഷാപൈതൃകം സംരക്ഷിക്കാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം. മേളയിൽ ചിത്രം തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ ടാബ്യോ, വളർന്നുവരുന്ന അരുണാചൽ ചലച്ചിത്രമേഖലയ്ക്ക് ഇത് വലിയ അംഗീകാരമാണെന്നും പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ യുവ ചലച്ചിത്രപ്രവർത്തകർക്ക് സ്വന്തം കഥകൾ പറയാൻ ഈ അംഗീകാരം പ്രചോദനമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ലോകത്തോട് പറയാൻ വടക്കുകിഴക്കിന് ഇനിയും കഥകളുണ്ട്
സിനിമ ഇനിയും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലാത്ത വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് ലോകത്തോട് പറയാൻ ഒട്ടേറെ കഥകളുണ്ടെന്ന് ടാബ്യോ പറഞ്ഞു. മുഖ്യധാരാ ചലച്ചിത്രപ്രവർത്തകർക്കും നിർമാണക്കമ്പനികൾക്കും മേഖലയോടുള്ള താൽപര്യം കൂടിവരികയാണ്. വിനോദത്തിനൊപ്പം സാമൂഹിക അവബോധം വളർത്താനും മാറ്റത്തിന് വഴിയൊരുക്കാനും സിനിമയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ കഥകളും ഭാഷകളും ജീവിതരീതികളും രേഖപ്പെടുത്തിയാൽ പുതുതലമുറയ്ക്ക് സ്വന്തം വേരുകളുമായി വീണ്ടും ബന്ധപ്പെടാനും സാംസ്കാരിക സ്വത്വത്തിന്റെ സമ്പന്നത തിരിച്ചറിയാനും കഴിയും. വ്യത്യസ്ത സാംസ്കാരിക അനുഭവങ്ങളും തദ്ദേശീയ പാരമ്പര്യങ്ങളും ഇന്നത്തെ ജീവിതയാഥാർഥ്യങ്ങളും ദേശീയ ചലച്ചിത്രവേദിയിലെത്തിച്ച ഈ രണ്ട് ചിത്രങ്ങളും ഇത്തവണത്തെ മേളയുടെ വൈവിധ്യം കൂട്ടുന്നു. ഗോവയിലെ മേള നവംബർ 20 മുതൽ 28 വരെയാണ്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.