തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരുടെ കാണിക്കയായി ലഭിച്ച 50 കോടി ഉപയോഗിക്കാന്‍ കഴിയാതെ ക്ഷേത്ര ഭാരവാഹികള്‍. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000,500 രൂപയുടെ നോട്ടുകളാണ് ഈ 50 കോടിയും. നോട്ട് നിരോധനം കഴിഞ്ഞ് നാല് വര്‍ഷം ആവുമ്പോഴും അമ്പലത്തിലേക്ക് ഇത്തരം നോട്ടുകള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്.1,000ത്തിന്റെ 1.8 ലക്ഷം നോട്ടുകളാണ് ലഭിച്ചത്. അതായത് 18 കോടി രൂപ. 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളില്‍ നിന്നായി 31.7 കോടി രൂപയും ലഭിച്ചു. ബാക്കി നോട്ടുകളും ഇത്തരത്തിലുള്ളതാണെന്നും ഭാരവാഹികകള്‍ വ്യക്തമാക്കി.
ഈ പണം റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പോലുള്ള സ്ഥാപനത്തില്‍ നിക്ഷേപിക്കാനും ഉപയോഗിക്കാന്‍ സാധിക്കുന്ന പണമാക്കി മാറ്റാനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ക്ഷേത്രം.കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതില്‍ ഇടപെടുമെന്ന് പ്രതീക്ഷയുണ്ടെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍മാന്‍ വൈ.വി.സുബ്ബ റെഡ്ഡി പറഞ്ഞു.

