സാധാരണക്കാർക്കും വിമാനയാത്ര ലഭ്യമാക്കാൻ തുടങ്ങിയ ഉഡാൻ പദ്ധതി നാളെ പത്തുവർഷം പൂർത്തിയാക്കും. രാജ്യത്ത് ഇതുവരെ 687 പ്രാദേശിക വിമാനറൂട്ടുകളാണ് പദ്ധതിയിലൂടെ പ്രവർത്തനമാരംഭിച്ചത്. 95 വിമാനത്താവളങ്ങളും അനുബന്ധ കേന്ദ്രങ്ങളും സജ്ജമായി. 3.68 ലക്ഷത്തിലേറെ സർവീസുകളിലായി 1.72 കോടി യാത്രക്കാർ പദ്ധതിയുടെ പ്രയോജനം നേടി.
വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതി, വിമാനസർവീസുകളില്ലാത്തതോ പരിമിതമായതോ ആയ പ്രദേശങ്ങളെ ബന്ധിപ്പിക്കാനാണ് നടപ്പാക്കുന്നത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചും വിമാനക്കമ്പനികൾക്ക് ഇളവുകളും സാമ്പത്തിക സഹായവും നൽകിയും സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നു. സർവീസ് നടത്താനുള്ള ചെലവും വരുമാനവും തമ്മിലുള്ള വിടവ് നികത്താൻ ഒക്ടോബർ 15 വരെ 5,091.23 കോടി രൂപ അനുവദിച്ചു.
2016 ഒക്ടോബർ 21നാണ് ഉഡാൻ പ്രഖ്യാപിച്ചത്. ആദ്യ സർവീസ് 2017 ഏപ്രിലിൽ ഷിംലയിൽനിന്ന് ഡൽഹിയിലേക്ക് പറന്നു. പത്തുവർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ഉഡാൻ പദ്ധതി ഇക്കഴിഞ്ഞ ജൂലൈ നാലിന് ആരംഭിച്ചു. 2026–27 മുതൽ 2035–36 വരെയുള്ള പത്തുവർഷത്തേക്ക് 28,840 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
വിമാനയാത്ര ചെറുനഗരങ്ങളിലേക്കും
ഉഡാനിലൂടെ പ്രവർത്തനമാരംഭിച്ച 95 കേന്ദ്രങ്ങളിൽ 17 ഹെലിപോർട്ടുകളും ജലവിമാനങ്ങൾക്കുള്ള രണ്ട് കേന്ദ്രങ്ങളും ഉൾപ്പെടുന്നു. രാജ്യത്തെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014ലെ 74ൽനിന്ന് 166 ആയി ഉയർന്നിട്ടുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്.
മലനിരകളും ദുർഘടമായ യാത്രാമാർഗങ്ങളുമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 90 മുൻഗണനാ റൂട്ടുകൾ പ്രവർത്തനമാരംഭിച്ചു. മേഖലയിൽ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും ജലവിമാന കേന്ദ്രങ്ങളുമായി 52 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 12 എണ്ണം പ്രവർത്തനക്ഷമമായി.
വ്യോമയാന മേഖലയിലെ ആകെ തൊഴിലവസരങ്ങളും വർധിച്ചു. 2014ൽ ഏകദേശം 30 ലക്ഷമായിരുന്നത് 2026ൽ 77 ലക്ഷത്തിനടുത്തെത്തി. 2040ഓടെ ഇത് രണ്ടരക്കോടിയിലെത്താനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
നൂറ് വിമാനത്താവളങ്ങളും ഇരുനൂറ് ഹെലിപാഡുകളും
പരിഷ്കരിച്ച പദ്ധതിയിൽ, സർവീസുകളില്ലാത്ത നിലവിലെ എയർസ്ട്രിപ്പുകൾ വികസിപ്പിച്ച് നൂറ് വിമാനത്താവളങ്ങൾ ഒരുക്കും. എട്ടുവർഷത്തിനിടെ ഇതിനായി 12,159 കോടി രൂപ ചെലവിടും. ഇരുനൂറ് ആധുനിക ഹെലിപാഡുകൾ വികസിപ്പിക്കാൻ 3,661 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഏകദേശം 441 വ്യോമയാന കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും മൂന്നുവർഷത്തെ സഹായം നൽകും. ഇതിനായി 2,577 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഒരു വിമാനത്താവളത്തിന് വർഷം പരമാവധി 3.06 കോടി രൂപയും ഹെലിപോർട്ടിനോ ജലവിമാന കേന്ദ്രത്തിനോ 90 ലക്ഷം രൂപയും ലഭിക്കും.
പ്രാദേശിക റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് പത്തുവർഷത്തിനിടെ 10,043 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും. ഒരു റൂട്ടിന് പരമാവധി അഞ്ചുവർഷം സഹായം ലഭിക്കും. മൂന്നാംവർഷം മുതൽ സഹായം ക്രമേണ കുറയും. ആ റൂട്ടിൽ പ്രത്യേക സർവീസ് അവകാശം മൂന്നുവർഷത്തേക്ക് മാത്രമായിരിക്കും.
സംസ്ഥാനങ്ങളുടെ പങ്കാളിത്തം; തദ്ദേശീയ വിമാനങ്ങൾക്ക് പിന്തുണ
കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിമാനത്താവള അതോറിറ്റിയും ചേർന്നുള്ള പ്രവർത്തനത്തിനാണ് അടുത്തഘട്ടത്തിൽ പ്രാധാന്യം. ഇതിനായി 21 ധാരണാപത്രങ്ങൾ ഒപ്പിട്ടു. വികസിപ്പിക്കേണ്ട എയർസ്ട്രിപ്പുകളും ഹെലിപാഡുകളും നിർദേശിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേക പോർട്ടൽ ഉപയോഗിക്കാം. പ്രാദേശിക ആവശ്യങ്ങളും സാധ്യതകളും പരിഗണിച്ചാകും കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുക.
തദ്ദേശീയ വിമാനനിർമാണ ശേഷി ശക്തിപ്പെടുത്താനും പദ്ധതിയിൽ പിന്തുണയുണ്ട്. പവൻ ഹൻസിനായി രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും അലയൻസ് എയറിനായി രണ്ട് ഡോർണിയർ വിമാനങ്ങളും വാങ്ങാൻ 400 കോടി രൂപ നിർദേശിച്ചിട്ടുണ്ട്. ദുർഘടമായ ഭൂപ്രദേശങ്ങളിലേക്കും വിദൂര മേഖലകളിലേക്കും സർവീസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
യാത്രാസമയത്തിൽ കുറവ്; വ്യാപാരത്തിനും ചികിത്സയ്ക്കും കരുത്ത്
ബിഹാറിലെ പൂർണിയ വിമാനത്താവളം 2025ൽ പ്രവർത്തനമാരംഭിച്ചതോടെ പത്തിലേറെ ജില്ലകൾക്ക് വിമാനയാത്ര എളുപ്പമായി. മുമ്പ് വിമാനത്താവളത്തിലെത്താൻ ഇരുനൂറിലേറെ കിലോമീറ്റർ സഞ്ചരിക്കേണ്ടിവന്ന പ്രദേശങ്ങളാണിവ. കൊൽക്കത്തയിലേക്കുള്ള യാത്ര ഏകദേശം രണ്ടുമണിക്കൂറായും പട്നയിലേക്കുള്ളത് ഒരുമണിക്കൂറായും കുറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിനും ഇത് സഹായമായി.
അരുണാചൽ പ്രദേശിലെ തേസു വിമാനത്താവളം 2021ൽ പ്രവർത്തനമാരംഭിച്ചതോടെ രണ്ടുലക്ഷത്തിലേറെ പേർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിച്ചു. ഗുവാഹത്തിയിലേക്കുള്ള യാത്ര ഒരുമണിക്കൂറായി കുറഞ്ഞു. ചികിത്സയ്ക്കുള്ള യാത്രയ്ക്കൊപ്പം ഇഞ്ചി, ഏലം, അരി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ വിമാനമാർഗമുള്ള ചരക്കുനീക്കത്തിനും സൗകര്യമൊരുങ്ങി.
ഝാർഖണ്ഡിലെ ദേവ്ഘർ വിമാനത്താവളം ഡൽഹിയിൽനിന്നുള്ള യാത്ര രണ്ടുമണിക്കൂറാക്കി ചുരുക്കി. ബാബാ ബൈദ്യനാഥ് ധാമിലേക്കുള്ള തീർഥാടനത്തിനും ദേവ്ഘർ എയിംസിലേക്കുള്ള രോഗികളുടെ യാത്രയ്ക്കും ഇത് സഹായിക്കുന്നു. രാജസ്ഥാനിലെ കിഷൻഗഢ് വിമാനത്താവളം അജ്മീർ, പുഷ്കർ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കി. മാർബിൾ വ്യാപാരം, വിനോദസഞ്ചാരം, വ്യോമയാന പരിശീലനം എന്നിവയ്ക്കും പിന്തുണ നൽകി. ഇരുനൂറിലേറെ നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
