രാജ്യത്ത് സവാളയുടെ ലഭ്യത മെച്ചപ്പെട്ടതോടെ മൊത്തവിപണികളിലും പ്രധാന ചില്ലറവിപണികളിലും വില കുറയുന്നു. ഖാരിഫ് കൃഷിയുടെ വിസ്തൃതി വർധിച്ചതും അനുകൂലമായ വിളസ്ഥിതിയും പുതിയ വിളവിന്റെ വരവും വിതരണത്തിന് കരുത്തേകുന്നതായി കേന്ദ്രസർക്കാർ ഒക്ടോബർ ഏഴിന് അറിയിച്ചു. ഉത്സവകാലത്തെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ കരുതൽശേഖരത്തിൽനിന്നുള്ള സവാള വിതരണവും വിപുലീകരിച്ചിട്ടുണ്ട്. പുതിയ വിളവിനൊപ്പം സംഭരിച്ച സവാളയും വിപണിയിലെത്തുന്നതിനാൽ വരും ആഴ്ചകളിൽ ലഭ്യത കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
പുതിയ വിളവെത്തുന്നു; ഉത്സവകാലത്ത് ലഭ്യത കൂടും
പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് പുതിയ ഖാരിഫ് സവാള വിപണിയിലെത്തിത്തുടങ്ങി. സംഭരിച്ചുവെച്ച സവാളയും വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽനിന്നുള്ള പുതിയ വിളവിന്റെ വരവ് അടുത്ത ആഴ്ചകളിൽ കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വരാനിരിക്കുന്ന ഉത്സവകാലത്ത് ഉപഭോക്തൃ വിപണികളിൽ സവാളയുടെ ലഭ്യത മെച്ചപ്പെടും. കൃഷിവിസ്തൃതി കൂടിയതും വിളയുടെ അനുകൂലസ്ഥിതിയും വിപണികളിലേക്കുള്ള ശക്തമായ വരവും രാജ്യത്തെ സവാള ലഭ്യത സംബന്ധിച്ച പ്രതീക്ഷകൾക്ക് കരുത്തേകുന്നു.
കൃഷിവിസ്തൃതി അഞ്ചുശതമാനം കൂടുതൽ; കാലാവസ്ഥയും അനുകൂലം
കഴിഞ്ഞ വർഷംതന്നെ ഉയർന്ന നിലയിലായിരുന്ന ഖാരിഫ് സവാള കൃഷിവിസ്തൃതി ഇത്തവണ രാജ്യത്താകെ ഏകദേശം അഞ്ചുശതമാനം കൂടി വർധിച്ചതായാണ് കണക്ക്. പ്രധാന ഉൽപ്പാദക മേഖലകളിൽ വിളയുടെ സ്ഥിതിയും അനുകൂലമാണ്. വിളവെടുപ്പുകാലത്തെ മഴ സംബന്ധിച്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനവും പ്രതീക്ഷ നൽകുന്നു. പ്രധാന ഖാരിഫ് സവാള ഉൽപ്പാദന മേഖലകളിൽ വരും ആഴ്ചകളിൽ അമിതമഴ പ്രവചിച്ചിട്ടില്ല. ഇത് വിളവെടുപ്പിനും സവാള ഉണക്കുന്നതിനും വിവിധ വിപണികളിലേക്ക് കൊണ്ടുപോകുന്നതിനും സഹായിക്കും. ഈർപ്പംമൂലം വിളയ്ക്ക് കേടുപാടുണ്ടാകാനുള്ള സാധ്യതയും കുറയും.
മഹാരാഷ്ട്രയിലെ മൊത്തവിലയിൽ പതിമൂന്നുശതമാനം ഇടിവ്
സവാളയുടെ ലഭ്യത കൂടുന്നതിന്റെ പ്രതിഫലനം മൊത്തവിപണികളിലെ വിലയിലും കാണാം. പ്രധാന സവാള വിപണികളിലേക്കുള്ള വരവ് ശക്തമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ വ്യാപാരത്തിന്റെ അളവ് കണക്കിലെടുത്തുള്ള ശരാശരി മൊത്തവില സെപ്റ്റംബർ പതിനാറിന് ക്വിന്റലിന് ഏകദേശം 4,030 രൂപയായിരുന്നു. ഒക്ടോബർ മൂന്നിന് ഇത് ഏകദേശം 3,475 രൂപയായി കുറഞ്ഞു. ഏതാണ്ട് പതിമൂന്നുശതമാനമാണ് ഇടിവ്. മൊത്തവിലയിലെ തുടർച്ചയായ കുറവ്, വിപണിയിലേക്കുള്ള വരവ് വർധിച്ചതോടെ വിതരണം മെച്ചപ്പെടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
നൂറ്റിയിരുപത്തിയാറ് നഗരങ്ങളിൽ ചില്ലറവില കുറഞ്ഞു
ചില്ലറവിപണികളിലും വിലക്കുറവ് പ്രകടമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 126 നഗരങ്ങളിൽ സവാളയുടെ ചില്ലറവില കിലോയ്ക്ക് ഒന്നുമുതൽ ഇരുപത്തിയൊന്ന് രൂപവരെ കുറഞ്ഞു. പ്രധാന ഉപഭോക്തൃ സംസ്ഥാനങ്ങളായ തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഒഡിഷ, ആന്ധ്രപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും വില കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിപണികളിൽ ഒരുപോലെ വില കുറയുന്നത്, ലഭ്യതയിലെ പുരോഗതി ഏതെങ്കിലും ഒരു മൊത്തവിപണിയിലോ മേഖലയിലോ മാത്രമായി ഒതുങ്ങുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
കരുതൽശേഖരത്തിൽനിന്ന് വിതരണം; കൂടുതൽ തീവണ്ടികളും ഒരുക്കും
ഉപഭോഗകേന്ദ്രങ്ങളിലെ വിതരണം വർധിപ്പിക്കാൻ സർക്കാർ കരുതൽശേഖരത്തിലെ സവാള ആവശ്യത്തിന് അനുസരിച്ച് ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുകയാണ്. ഒക്ടോബർ ഏഴുവരെയുള്ള കണക്കുപ്രകാരം, എട്ട് കാന്ദ എക്സ്പ്രസ് തീവണ്ടികളും 467 ട്രക്കുകളും ഉപയോഗിച്ച് 123 നഗരങ്ങളിലായി രണ്ടുലക്ഷത്തിലധികം ക്വിന്റൽ സവാള വിതരണം ചെയ്തു. കൂടുതൽ സവാള ഉയർന്ന ഉപഭോഗമുള്ള വിപണികളിലെത്തിക്കാൻ അധിക ചരക്കുതീവണ്ടി റേക്കുകൾ വിന്യസിക്കാനും പദ്ധതിയുണ്ട്. ഉത്സവകാലത്തിനു മുന്നോടിയായി വിതരണത്തിന്റെ വേഗവും കാര്യക്ഷമതയും കൂട്ടാൻ കൂടുതൽ റെയിൽ ഗതാഗതവും ആസൂത്രണം ചെയ്യുന്നു.
പുതിയ ഖാരിഫ് വിളവ്, സംഭരിച്ച സവാള, സർക്കാർ കരുതൽശേഖരം എന്നിവ വിപണിക്ക് പല വഴികളിലൂടെ വിതരണം ഉറപ്പാക്കുന്നു. വിപണിയിലേക്കുള്ള വരവ്, ശേഖരം, വിലയിലെ മാറ്റങ്ങൾ എന്നിവ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ ഇടങ്ങളിൽ ക്രമമായ വിതരണവും മതിയായ ലഭ്യതയും ഉറപ്പാക്കാൻ നടപടികളും സ്വീകരിക്കുന്നു. ഉയർന്ന കൃഷിവിസ്തൃതി, അനുകൂലമായ വിളസ്ഥിതി, വിളവെടുപ്പിന് യോജിച്ച കാലാവസ്ഥ, ശക്തമായ വിപണിവരവ് എന്നിവ വരും ആഴ്ചകളിലും ലഭ്യത തൃപ്തികരമായി തുടരാനുള്ള സൂചനകളാണ്. പുതിയ വിളവിന്റെ വരവും സർക്കാർ വിതരണവും കൂടുതൽ ശക്തമാകുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
