ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന വക്കീലന്മാരുടെ സഹായത്തിന് ക്ഷേമ ഫണ്ടിൽനിന്ന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ്സ് വെൽഫെയർ ട്രസ്റ്റിന്റെ ഭാരവാഹികൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
വൈഭവ് ശർമ എന്ന വ്യക്തി നൽകിയ പരാതിയിന്മേലാണ് ആണ് ട്രസ്റ്റിന്റെ ഈ മറുപടി.
കോവിഡ് ബാധിച്ച് ചികിത്സക്ക് സാമ്പത്തിക ക്ലേശം നേരിടുന്ന വക്കീലൻമാർക്കും ഒപ്പം തന്നെ രോഗം ബാധിക്കാത്ത കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വക്കീലൻമാർക്കും സഹായം എത്തിക്കും എന്ന നിലപാടാണ് ട്രസ്റ്റ് കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് ഡി എൻ പട്ടേൽ ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മെഡിക്കൽ ചിലവുകൾക്കായി ട്രസ്റ്റ് വക്കീലന്മാർക്ക് രണ്ടു കോടി രൂപ മുൻപേ വകയിരുത്തിയിരുന്നു എന്നും ട്രസ്റ്റിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ കോടതിയെ ബോധിപ്പിച്ചു.
സഹായധനം മതിയാകില്ലെന്ന് പരാതിക്കാരന്റ അഭിഭാഷകനായ എസ് ഹരിഹരൻ വാദിച്ചെങ്കിലും കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
ട്രസ്റ്റ് കഴിയാവുന്ന സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ സഹായം നൽകുന്നത് പരിഗണിക്കണമെന്നും കൂടുതൽ വക്കീലന്മാരെ ക്ഷേമനിധിയുടെ ഭാഗമാകണമെന്ന് കോടതി വിധിയിൽ പറയുന്നു.

