ഫ്നോം പെൻ (കംബോഡിയ) / 2026 / ഓഗസ്റ്റ് 24
ഇന്ത്യയും കംബോഡിയയും തമ്മിലുള്ള വ്യാപാര-നിക്ഷേപ സംയുക്ത പ്രവർത്തക സംഘത്തിന്റെ മൂന്നാമത് യോഗം ഓഗസ്റ്റ് 24ന് കംബോഡിയയിലെ ഫ്നോം പെനിൽ നടന്നു. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അമിത് വർമ്മയും കംബോഡിയ വാണിജ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര ഡയറക്ടർ ജനറൽ ലോങ് കെംവിചെറ്റും യോഗത്തിന് സംയുക്തമായി അധ്യക്ഷരായി. ഉഭയകക്ഷി വ്യാപാരം കൂടുതൽ വൈവിധ്യമാർന്നതാക്കാനും നിക്ഷേപം വർധിപ്പിക്കാനുമുള്ള നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ഉഭയകക്ഷി വ്യാപാരത്തിൽ 36 ശതമാനത്തിലേറെ വളർച്ച
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ–കംബോഡിയ ഉഭയകക്ഷി വ്യാപാരം 36 ശതമാനത്തിലേറെ വർധിച്ച് 406.78 ദശലക്ഷം യുഎസ് ഡോളറായി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 299 ദശലക്ഷം ഡോളറായിരുന്നു. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 63.25 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
ആസിയാനിൽ ഇന്ത്യയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇപ്പോൾ കംബോഡിയ. ആസിയാനുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 0.31 ശതമാനമാണ് കംബോഡിയയുടെ പങ്ക്. അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനിയും വലിയ തോതിൽ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
പരമ്പരാഗത ചികിത്സ മുതൽ ഡിജിറ്റൽ പണമിടപാട് വരെ
പരമ്പരാഗത ചികിത്സാ രംഗത്തെ സഹകരണം, ഇ-ഗവേണൻസ് സംവിധാനങ്ങൾ, ഇന്ത്യൻ ഫാർമക്കോപിയയുടെ അംഗീകാരം, വ്യാപാര കണക്കുകളുടെ പൊരുത്തപ്പെടുത്തൽ, പ്രധാന വ്യാപാരമേളകളും ബിസിനസ് പ്രതിനിധി സംഘങ്ങളും സംബന്ധിച്ച വിവരങ്ങൾ പങ്കിടൽ എന്നിവ ചർച്ചയായി.
ജൂൺ 2ന് ഫ്നോം പെനിലെ കെഎച്ച്ക്യുആർ സംവിധാനമുള്ള വ്യാപാര സ്ഥാപനങ്ങളിൽ യുപിഐ സ്വീകരണം വിജയകരമായി ആരംഭിച്ചതിനെയും ഇരുപക്ഷവും സ്വാഗതം ചെയ്തു. അടുത്ത ഘട്ടത്തിൽ കംബോഡിയൻ പണമിടപാട് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിലെ യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ സൗകര്യമൊരുക്കുന്നതും ചർച്ച ചെയ്തു. ഇത് നടപ്പായാൽ കംബോഡിയയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് യുപിഐ സൗകര്യമുള്ള കേന്ദ്രങ്ങളിൽ എളുപ്പത്തിൽ പണമടയ്ക്കാൻ കഴിയും.
കസ്റ്റംസ് നടപടികൾക്ക് ഏകീകരണം ലക്ഷ്യം
കസ്റ്റംസ് സഹകരണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതിനെ യോഗം സ്വാഗതം ചെയ്തു. ഇത് വേഗത്തിൽ ഒപ്പിടുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ധാരണാപത്രം പ്രാബല്യത്തിൽ വന്നാൽ കസ്റ്റംസ് നടപടികളിൽ കൂടുതൽ ഏകീകരണം സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
കൃഷി, വിപണി പ്രവേശനം, ചായങ്ങളും വർണവസ്തുക്കളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കൽ, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലെ സഹകരണം എന്നിവയും ചർച്ചയായി. ഇന്ത്യയും കംബോഡിയയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി പൂർത്തിയാക്കുന്നതിനുള്ള ചർച്ചകളെയും ഇരുപക്ഷവും സ്വാഗതം ചെയ്തു. ഉടമ്പടി വേഗത്തിൽ ഒപ്പിടാനും ധാരണയായി.
2027ലെ അടുത്ത യോഗം ഇന്ത്യയിൽ
വ്യാപാര-നിക്ഷേപ സംയുക്ത പ്രവർത്തക സംഘം രൂപീകരിച്ചതിനുശേഷമുള്ള മൂന്നാമത്തെ യോഗമാണിത്. ഇന്ത്യ–കംബോഡിയ വ്യാപാര-സാമ്പത്തിക പങ്കാളിത്തത്തിന്റെ ആഴവും ഭാവി സാധ്യതകളും യോഗം വീണ്ടും ഉറപ്പിച്ചു. അടുത്ത യോഗം 2027ൽ ഇന്ത്യയിൽ നടക്കും.
യോഗത്തോടനുബന്ധിച്ച് അമിത് വർമ്മ കംബോഡിയയുടെ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തിത് രിതിപോളുമായി ചർച്ച നടത്തി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തൽ, ഔഷധ മേഖലയിൽ സഹകരണം, യുപിഐ–കെഎച്ച്ക്യുആർ ഡിജിറ്റൽ പണമിടപാട് ബന്ധം എന്നിവ ചർച്ചയായി. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
ഇന്ത്യൻ നിക്ഷേപത്തിന് മുൻഗണനാ മേഖലകൾ
അമിത് വർമ്മ കംബോഡിയയിലെ ഇന്ത്യൻ ബിസിനസ് ചേംബർ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കൽ, കംബോഡിയയിലെ ഇന്ത്യൻ നിക്ഷേപം എളുപ്പമാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
വിദ്യാഭ്യാസം, ആരോഗ്യപരിചരണം, വിവരസാങ്കേതികവിദ്യ, കൃഷി, വിനോദസഞ്ചാരം എന്നിവ ഉൾപ്പെടെ അഞ്ച് മുതൽ ഏഴ് വരെ മുൻഗണനാ മേഖലകൾ കണ്ടെത്തുന്നതും ചർച്ചയായി. ഇന്ത്യയിൽ ‘ഇൻവെസ്റ്റ് ഇൻ കംബോഡിയ’ റോഡ് ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ആസിയാൻ വിപണികളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉൽപ്പാദന കേന്ദ്രമായി കംബോഡിയയെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ ബിസിനസ് ചേംബർ ഇൻ കംബോഡിയ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജോയിന്റ് ബിസിനസ് കൗൺസിൽ എന്നിവയ്ക്ക് സ്വകാര്യ മേഖലയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സംയുക്ത പ്രവർത്തക സംഘത്തിന് കൈമാറാനുള്ള സംവിധാനം രൂപീകരിക്കുന്നതും യോഗത്തിൽ ചർച്ചയായി.