കൊച്ചി, 2026 ഓഗസ്റ്റ് 23 –
അനുമതിയില്ലാത്ത വാഹന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിയിൽ കൂടുതലുള്ള വീതിയേറിയ ടയറുകൾ തുടങ്ങിയവയാണ് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയത്. ഇത്തരം മാറ്റങ്ങളുള്ള വാഹനങ്ങൾ റോഡിലെ മറ്റ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
‘അനുവദിച്ച ഉപകരണങ്ങൾ മാത്രം മതി’
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്ന ലൈറ്റിങ്, ലൈറ്റ് സിഗ്നലിങ് ഉപകരണങ്ങളും റെട്രോ റിഫ്ലക്ടറുകളും മാത്രമേ വാഹനങ്ങളിൽ ഘടിപ്പിക്കാവൂ. ചട്ടങ്ങളിൽ പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങൾക്ക് കേരള മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 334 ഉപയോഗിച്ച് ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വെളിച്ചം അപകടത്തിന് വഴിയൊരുക്കും
അമിത തീവ്രതയുള്ള ഹെഡ്ലൈറ്റുകൾ എതിർദിശയിൽ വരുന്ന ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തും. കാൽനടയാത്രക്കാർക്ക് റോഡിലെ കുഴികളും ഓടകളും തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകും. ദൂരം കൃത്യമായി കണക്കാക്കാനും ലെയിൻ നിയന്ത്രിക്കാനും ഡ്രൈവർമാർക്ക് പ്രയാസമുണ്ടാകാം. പ്രതികരണ സമയം കുറയുന്നതോടെ അപകടസാധ്യതയും ഉയരും.
റെഡ്-ബ്ലൂ ലൈറ്റുകൾക്കും വിലക്ക്
അടിയന്തര വാഹനങ്ങളുടേതിന് സമാനമായ റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകളും അനധികൃത ഹൂട്ടറുകളും കർശനമായി നിരോധിക്കണമെന്ന് കോടതി പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. സുപ്രീംകോടതിയുടെ മുൻ നിർദേശങ്ങളും ഹൈക്കോടതി പരാമർശിച്ചു.
യൂട്യൂബ് വീഡിയോകളും കോടതിയുടെ ശ്രദ്ധയിൽ
അനധികൃത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ച വാഹനങ്ങളുടെ ദൃശ്യങ്ങൾ വ്ലോഗർമാർ യൂട്യൂബിലൂടെ പ്രചരിപ്പിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, ത്രിവർണ ഫോഗ് ലാമ്പുകൾ, ഹെഡ്ലൈറ്റിന് മുകളിലെ അധിക ലൈറ്റുകൾ, അനധികൃത മൾട്ടി-ഫങ്ഷൻ പിൻ ലൈറ്റുകൾ എന്നിവയുടെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
വീൽ സ്പേസറും വീതിയേറിയ ടയറുകളും അപകടം
വാഹനത്തിന്റെ ബോഡിയുടെ സംരക്ഷണ പരിധിക്ക് പുറത്തേക്ക് ചക്രങ്ങൾ തള്ളിനിൽക്കുന്ന രീതിയിലുള്ള വീൽ സ്പേസറുകളും വീതിയേറിയ ടയറുകളും ഗൗരവമായ സുരക്ഷാ പ്രശ്നമാണെന്ന് കോടതി പറഞ്ഞു. ചെളിയും വെള്ളവും മറ്റ് യാത്രക്കാരിലേക്കും കാൽനടയാത്രക്കാരിലേക്കും തെറിക്കാൻ ഇത് കാരണമാകും. സൈക്കിൾ, ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കും.
തീ പുറത്തേക്ക് വരുന്ന എക്സോസ്റ്റിനും വിമർശനം
ഡീസൽ വാഹനങ്ങളിൽ തീ പുറത്തേക്ക് വരുന്നതിനായി ഘടിപ്പിക്കുന്ന ആഫ്റ്റർ-മാർക്കറ്റ് ഫ്ലെയിം-കിറ്റ് എക്സോസ്റ്റ് സംവിധാനത്തെയും കോടതി ചൂണ്ടിക്കാട്ടി. തീ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഇന്ധന ടാങ്ക് വരെ വാഹനത്തിൽ ഘടിപ്പിക്കുന്ന രീതിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ശബ്ദവും പുറത്തേക്ക് വരുന്ന തീയും വാഹനത്തിലുള്ളവർക്കും റോഡിലുള്ളവർക്കും ഗുരുതര സുരക്ഷാഭീഷണിയാണെന്നും വ്യക്തമാക്കി.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.