കേന്ദ്ര ധനമന്ത്രാലയം 2026 ജൂൺ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ അടിസ്ഥാനപരമായി ഉറച്ച നിലയിലാണ് — പക്ഷേ ചില മേഖലകളിൽ മന്ദഗതി വ്യക്തമാകുന്നുണ്ടെന്നും, കാലാവസ്ഥ-ഭൂരാഷ്ട്ര ഭീഷണികൾ ശ്രദ്ധിക്കണമെന്നും റിപ്പോർട്ട് നിഷ്കർഷിക്കുന്നു
മഴ 43% കുറഞ്ഞു
ഈ വർഷം മൺസൂൺ ദുർബ്ബലമാണ്. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ദീർഘകാല ശരാശരിയുടെ 90% മഴ മാത്രം ലഭിക്കുമെന്ന് പ്രവചിക്കുന്നു, “എൽ നിനോ” സ്ഥിതി ഉൾകൊള്ളുന്ന സാഹചര്യത്തിൽ. ജൂൺ അവസാനം വരെ, ദീർഘകാല ശരാശരിയേക്കാൾ 43% കുറഞ്ഞ മഴ മാത്രം ലഭിച്ചു. ഖരീഫ് വിത്തുപാകൽ കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 22.7% പിന്നിലാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഭീതി തോന്നും, പക്ഷേ റിപ്പോർട്ട് ആശ്വസിപ്പിക്കുന്ന ഒരു കണ്ടെത്തൽ കൂടി പറയുന്നുണ്ട് — കഴിഞ്ഞ അൻപത് വർഷത്തെ ജലസേചന വ്യാപനം, മെച്ചപ്പെട്ട കൃഷി രീതികൾ, കാലാവസ്ഥ പ്രതിരോധ നടപടികൾ എന്നിവ കൊണ്ട്, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇനി മഴക്കുറവിനോട് അത്രയ്ക്ക് ദുർബ്ബലമല്ല. ദേശീയ ഭക്ഷ്യധാന്യ സ്റ്റോക്ക് നിർദ്ദിഷ്ട ബഫർ നോർമിന്റെ 4.4 മടങ്ങ് ഉണ്ട്. വളം ലഭ്യതയും ആശ്വാസകരമാണ്
മന്ദഗതി ആശങ്കപ്പെടേണ്ടതില്ല
2025-26 സാമ്പത്തിക വർഷം ഇന്ത്യ ഒരു ശക്തമായ പ്രകടനം കാഴ്ചവെച്ചു. 2026-27-ന്റെ തുടക്കത്തിലും ആ ആവേഗം നിലനിൽക്കുന്നുണ്ടെന്ന് ഹൈ-ഫ്രീക്വൻസി സൂചകങ്ങൾ വ്യക്തമാക്കുന്നു. ഇ-വേ ബിൽ ജനറേഷൻ, പർചേസിങ് മാനേജേഴ്സ് ഇൻഡക്സ്, വൈദ്യുതി ഉപഭോഗം, ഓട്ടോമൊബൈൽ വിൽപ്പന — ഇവയൊക്കെ ആഭ്യന്തര ഡിമാൻഡ് ഇപ്പോഴും ജീവസ്സുള്ളതാണ് എന്ന് കാണിക്കുന്നു. ക്യാപ്പിറ്റൽ ഗൂഡ്സ്, അടിസ്ഥാന സൗകര്യ നിർമ്മാണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് — ഇവയിൽ നിക്ഷേപം ആരോഗ്യകരമായ നിലയിൽ തുടരുന്നു. പക്ഷേ ഒരു “പക്ഷേ” ഉണ്ട് — കോർ ഇൻഡസ്ട്രികൾ, ഇന്ധന ഉപഭോഗം, ആഭ്യന്തര വ്യോമ യാത്ര, ഉപഭോക്തൃ ആത്മവിശ്വാസം, തൊഴിൽ വിപണി സൂചകങ്ങൾ — ഈ മേഖലകളിൽ ചെറിയ മന്ദഗതി കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ല,
പശ്ചിമേഷ്യ കത്തിക്കൊണ്ടിരുന്നിട്ടും 16 ബില്യൺ ഡോളർ വന്നു
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും സപ്ലൈ ചെയിനിനെയും ഞെരുക്കി. പക്ഷേ ആ പ്രതിസന്ധി ഒരു അപ്രതീക്ഷിത കണ്ടെത്തൽ കൂടി സമ്മാനിച്ചു — 2026 ഏപ്രിലിൽ, പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന നെറ്റ് റെമിറ്റൻസ് 70 ശതമാനം കുതിച്ചുയർന്ന് 16 ബില്യൺ ഡോളറിലെത്തി. ഇത് വൈരുദ്ധ്യമായി തോന്നാം — യുദ്ധ സ്ഥിതിയിൽ ഇങ്ങനെ? ഒന്ന് ആലോചിച്ചാൽ മനസ്സിലാകും: ഗൾഫ് ജോലിക്കാർ, കലക്കവെള്ളത്തിൽ വീട്ടുകാർക്ക് കൂടുതൽ പണമയക്കുന്ന സ്വഭാവമുണ്ട് — “ഇനി എന്ത് സംഭവിക്കുമോ” എന്ന ആശങ്കയിൽ, മുൻകൂർ സംഭാവന. ഇതിനെ റിപ്പോർട്ട് “അസൈക്ലിക്കൽ” സ്വഭാവം എന്ന് വിശേഷിപ്പിക്കുന്നു — ഓഹരി വിപണി ഒക്കെ ഇളകിയാലും ഇതിന് കുലുക്കമില്ല. ഇതിനൊപ്പം, ആഗോള ചരക്ക് വിലക്കുറവ്, ക്രൂഡ് ഓയിൽ ചെലവ് കുറഞ്ഞത്, ഡോളർ ഒഴുക്ക് — ഇവ ചേർന്ന് ഇറക്കുമതി പണപ്പെരുപ്പ ഭീഷണി ഒരു പരിധി വരെ ഇല്ലാതാക്കുന്നു
ധനമന്ത്രാലയത്തിന്റെ മൂന്ന് നിർദ്ദേശങ്ങൾ
ആഗോള-ആഭ്യന്തര സ്ഥിതിയെ മുൻനിർത്തി ധനമന്ത്രാലയം മൂന്ന് ഘടനാപരമായ നയ ദിശകൾ മുന്നോട്ടുവെക്കുന്നു. ഒന്ന്, ജൽ ജീവൻ മിഷൻ ബജറ്റ് വർദ്ധിപ്പിച്ച് ജലസംഭരണ-പുനഃചംക്രമണ ശേഷി ത്വരിതപ്പെടുത്തണം. രണ്ട്, കൃഷിയിൽ, ജലം കൂടുതൽ ഉപഭോഗം ചെയ്യുന്ന വിളകൾ നിരുത്സാഹപ്പെടുത്തി, കാലാവസ്ഥ-പ്രതിരോധ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധം കാർഷിക വില ചട്ടക്കൂട് മാറ്റണം. മൂന്ന്, പശ്ചിമേഷ്യ പ്രതിസന്ധി ഒരു പാഠം പഠിപ്പിച്ചു — ക്രൂഡ് ഓയിൽ മാത്രമല്ല, നിർണ്ണായക വ്യാവസായിക ഇൻപുട്ടുകൾ, അസംസ്കൃത വസ്തുക്കൾ ഇവ കരുതൽ ശേഖരം വേണ്ടേ? ആ ദേശീയ ബഫർ സ്റ്റോക്ക് നയം ഉടനടി ആലോചിക്കണം