പ്രധാന വിവരങ്ങൾ
- 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി.
- ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി..
- എസ് പി ദീപകിന്റെ ഹർജിയിലാണ് നടപടി.
- കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി.

News Portal

തിരുവനന്തപുരം, 2026 ജൂൺ 24 –
തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് നൽകിയ ഹർജിയിലാണ് നടപടി.
കേരള മുനിസിപ്പാലിറ്റി നിയമം, 1994 പ്രകാരം സത്യപ്രതിജ്ഞ ദൈവനാമത്തിലോ സഗൗരവമായോ മാത്രമേ ചെയ്യാവൂവെന്നാണ് ഹർജിയിലെ വാദം. ബിജെപി കൗൺസിലർമാർ വിവിധ ദേവതകളുടെയും ഭാരതമാതാവിന്റെയും ബലിദാനികളുടെയും പേരുകൾ പരാമർശിച്ച് സത്യപ്രതിജ്ഞ നടത്തിയതായും ഇത് നിയമലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടം ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതാണ് കോടതിയുടെ പരിഗണനയിൽ വന്നത്. നിയമത്തിൽ നിർദേശിച്ച രീതിക്ക് വിരുദ്ധമായ സത്യപ്രതിജ്ഞകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.