ഭുവനേശ്വർ | 23 ജൂൺ 2026
ഒഡിഷയിലെ 64 സ്ഥലങ്ങളുടെ ഇംഗ്ലീഷ് അക്ഷരവിന്യാസം മാറ്റി സർക്കാർ
ഭുവനേശ്വർ: ഒഡിഷയുടെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വം കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 64 സ്ഥലങ്ങളുടെ ഇംഗ്ലീഷ് അക്ഷരവിന്യാസം സർക്കാർ മാറ്റി. ഇതോടെ ഏറെ പരിചിതമായിരുന്ന Cuttack ഇനി ഔദ്യോഗികമായി Kataka എന്നാകും അറിയപ്പെടുക. പേരുകൾ മാറ്റുന്നതല്ല, ഒഡിയ ഭാഷയിലെ യഥാർഥ ഉച്ചാരണത്തിന് അനുസരിച്ചുള്ള ഇംഗ്ലീഷ് രൂപം നൽകുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
ഒഡിയ ഉച്ചാരണത്തിനൊത്ത് ഇംഗ്ലീഷ് അക്ഷരവിന്യാസം
സംസ്ഥാനത്തെ 26 ജില്ലകളിലായി ജില്ലകൾ, ഉപവിഭാഗങ്ങൾ, തഹസിലുകൾ, ബ്ലോക്കുകൾ, നഗരസഭകൾ എന്നിവ ഉൾപ്പെടുന്ന 64 ഭരണഘടകങ്ങളുടെ ഇംഗ്ലീഷ് അക്ഷരവിന്യാസമാണ് പുനഃക്രമീകരിച്ചത്. നിലവിൽ ഉപയോഗത്തിലുള്ള പല ഇംഗ്ലീഷ് പേരുകളും ഒഡിയ ഉച്ചാരണത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഭാഷാ പൈതൃകം സംരക്ഷിക്കാൻ ഒഡിഷ സർക്കാരിന്റെ തീരുമാനം
ഭാഷാപൈതൃകം സംരക്ഷിക്കാനുള്ള നീക്കം
ബ്രിട്ടീഷ് ഭരണകാലത്ത് രൂപപ്പെട്ട പല ഇംഗ്ലീഷ് പേരുകളും യഥാർഥ ഒഡിയ ഉച്ചാരണത്തിൽ നിന്ന് വ്യതിചലിച്ചിരുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഭാഷാ പൈതൃകവും സാംസ്കാരിക വ്യക്തിത്വവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അക്ഷരവിന്യാസത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. സാഹിത്യകാരി പ്രതിഭാ റായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ അക്ഷരവിന്യാസം പ്രാബല്യത്തിൽ വരും. സർക്കാർ രേഖകൾ, ഔദ്യോഗിക കത്തിടപാടുകൾ, റോഡ് സൈൻബോർഡുകൾ, മറ്റ് പൊതുപ്രദർശനങ്ങൾ എന്നിവയിലും പുതുക്കിയ പേരുകൾ ഉപയോഗിക്കും.
പ്രധാന മാറ്റങ്ങൾ
Cuttack → Kataka
Balasore → Baleshwar
Rourkela → Raurkela
Khurda → Khordha
Keonjhar → Kendujhar
Deogarh → Debagada
Bolangir → Balangir
Sundargarh → Sundargada