കൊല്ലം, ജൂൺ 14: നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡിലെ പാലത്തറ ഭാഗത്തെ ഉയരപ്പാതയിലാണ് ഇത്തവണ ഏകദേശം 10 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്.
ഇന്നലെ രാവിലെയാണ് ഉയരപ്പാതയിൽ വലിയ രീതിയിലുള്ള വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരം കരാർ കമ്പനിയെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനിയുടെ പ്രതിനിധികളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റോഡിന്റെ ഉപരിതല ഭാഗത്ത് മാത്രമാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നതെന്നും പാലത്തിന്റെ ഘടനയെ ബാധിക്കുന്ന തരത്തിലുള്ള ആഴത്തിലുള്ള തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഉച്ചയോടെ തന്നെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കേടുപാടുകൾ സംഭവിച്ച ഭാഗത്തെ ടാർ പൂർണമായും നീക്കം ചെയ്തു. ഇവിടെ അടിയന്തരമായി പുനർടാറിങ് നടത്തി റോഡ് സുരക്ഷിതവും ഗതാഗതയോഗ്യവുമാക്കുമെന്ന് നിർമ്മാണ കമ്പനിയുടെ ലെയ്സൺ ഓഫീസർ അറിയിച്ചു.
ദേശീയപാത 66-ന്റെ നിർമ്മാണത്തിനിടെ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാവനാട് ഭാഗത്തെ ഉയരപ്പാതയിലും മുമ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
അതേസമയം, മേവറം ഭാഗത്ത് നേരത്തേ മണ്ണിട്ട് ഉയർത്തിയ പ്രദേശത്ത് പുതിയ തൂണുകൾ നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
ദേശീയപാത നിർമാണത്തിനിടെ തുടർച്ചയായി വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ നിലവിലെ വിള്ളൽ റോഡിന്റെ ഉപരിതലത്തിൽ മാത്രമാണെന്നും സുരക്ഷാ ഭീഷണിയില്ലെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.