മലപ്പുറം, 2026 ജൂൺ 12 –
ലഹരി മാഫിയക്കെതിരായ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” നടപടിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ വ്യാപക പരിശോധന തുടരുന്നു. പദ്ധതി ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 180 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 211 പേരെ അറസ്റ്റ് ചെയ്യുകയും 21 പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
സബ് ഡിവിഷൻ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക ഇന്റലിജൻസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വിവരശേഖരണം, കേസെടുക്കൽ, അന്വേഷണം എന്നിവയ്ക്കായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി നാലംഗ സംഘങ്ങളെയും ഓരോ സബ് ഡിവിഷൻ തലത്തിലും നിയോഗിച്ചിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത കേസുകളിൽ നാല് എണ്ണം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും അഞ്ച് എണ്ണം മീഡിയം ക്വാണ്ടിറ്റി കേസുകളുമാണ്. 120 ഗ്രാം എംഡിഎംഎ, 850 ഗ്രാം കഞ്ചാവ്, വളാഞ്ചേരിയിൽ ജീപ്പിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 334 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പൊലീസ് പിടിച്ചെടുത്തു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മോസ്കോ പാറയിൽ നിന്ന് എയർഗൺ, സ്റ്റീൽ നഞ്ചക്ക്, മെറ്റൽ നക്കിൾ പഞ്ച് തുടങ്ങിയ ആയുധങ്ങളും ചെറിയ അളവിൽ എംഡിഎംഎയും കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂടാതെ കോട്പ നിയമപ്രകാരം 17 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.