തിരുവനന്തപുരം, 2026 ജൂണ്‍ 9 –
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഓരോ ഷട്ടറും 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ആകെ 80 സെന്റീമീറ്റര്‍ ഉയരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന സാഹചര്യമാണുള്ളത്.
ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നദീതീരങ്ങളില്‍ താമസിക്കുന്നവരും നദിയില്‍ ഇറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഴയുടെ ശക്തി തുടർന്നാല്‍ ഷട്ടറുകളുടെ ഉയരം ഇനിയും വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
പേപ്പാറ അണക്കെട്ടില്‍ നിലവില്‍ 103.5 മീറ്റര്‍ ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയും ജലനിരപ്പ് 105.5 മീറ്ററിലെത്തുകയും ചെയ്താല്‍ പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.