പെരുമ്പാവൂര്‍, 2026 ജൂണ്‍ 9 –
പെരുമ്പാവൂരില്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്ന് സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ അക്രമം പരിഭ്രാന്തി പരത്തി. റോഡിലൂടെ കടന്നുപോയ കാര്‍ തല്ലിത്തകര്‍ക്കുകയും വഴിയാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരാളെ മര്‍ദിക്കുകയും ചെയ്ത സംഭവമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ ടൗണില്‍നിന്ന് പി.പി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അതിക്രമം നടന്നത്.
നീളമേറിയ ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു അക്രമം. ആക്രമണത്തിനിടെ സ്വയം തലയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമിയുടെ പേരോ സ്വദേശമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
സംഭവം കണ്ട നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.