ലണ്ടൻ, 2026 ജൂൺ 6 –
ബ്രിട്ടനിൽ സ്വദേശികളായ ജനങ്ങൾക്കിടയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് ജനിക്കുന്ന കുട്ടികളിൽ വിദേശത്ത് ജനിച്ച മാതാപിതാക്കളുടെ പങ്ക് ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും, ഈ വിഭാഗത്തിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളാണ് തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനത്തുള്ളതെന്നും ദേശീയ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ജനിക്കുന്ന കുട്ടികളിൽ 40 ശതമാനത്തിലധികം പേരുടെയും മാതാപിതാക്കളിൽ ഒരാളെങ്കിലും ബ്രിട്ടന് പുറത്താണ് ജനിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും ജനിച്ച കുട്ടികളുടെ എണ്ണം 5,85,396 ആയി കുറഞ്ഞു. 1977ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു സ്ത്രീക്ക് ശരാശരി ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 1.41ൽ നിന്ന് 1.39 ആയി ഇടിഞ്ഞു. ജനസംഖ്യ സ്ഥിരമായി നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിൽ നിന്ന് ഇത് വളരെ താഴെയാണ്. കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവ്, സാമ്പത്തിക അനിശ്ചിതത്വം, വൈകി മാത്രം കുട്ടികൾ മതിയെന്ന സമീപനം തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം, ബ്രിട്ടനിലെ ജനസംഖ്യയും തൊഴിൽ മേഖലയുമെല്ലാം നിലനിർത്തുന്നതിൽ കുടിയേറ്റക്കാരുടെ പങ്ക് നിർണായകമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിദേശത്ത് ജനിച്ച അമ്മമാരിൽ നിന്ന് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനും നൈജീരിയയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ലണ്ടൻ പോലുള്ള നഗരങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ 60 ശതമാനത്തോളം പേരുടെയും മാതാപിതാക്കൾ വിദേശത്തുനിന്ന് കുടിയേറിയവരാണ്. വിദേശ മാതാപിതാക്കളുടെ വർധിച്ചുവരുന്ന സാന്നിധ്യം ബ്രിട്ടന്റെ സാമൂഹികവും ജനസംഖ്യാപരവുമായ ഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു.