കൊൽക്കത്ത, 2026 ജൂൺ 3 –
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമായി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബന്ദ്യോപാധ്യായിയെ നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 58 വിമത എം.എൽ.എമാർ നിയമസഭാ സ്പീക്കർക്ക് പിന്തുണക്കത്ത് നൽകി. ബുധനാഴ്ച നിയമസഭയിൽ എത്തിയ ഋതബ്രത ബന്ദ്യോപാധ്യായിയും മറ്റ് വിമത എം.എൽ.എമാരും സ്പീക്കറെ നേരിൽ കണ്ട് രേഖകൾ കൈമാറുകയായിരുന്നു.
ഋതബ്രത ബന്ദ്യോപാധ്യായിക്കൊപ്പം ചന്ദ്രനാഥ് സിൻഹ, ശിയുലി സാഹ, സന്ദീപൻ സാഹ എന്നിവരും സ്പീക്കറെ കണ്ടു. നിയമസഭാ കക്ഷിക്ക് പുതിയ നേതൃത്വഘടനയും വിമത വിഭാഗം നിർദേശിച്ചു. ഋതബ്രത ബന്ദ്യോപാധ്യായിയെ നേതാവായും അഖ്റുസ്സമാനെ മുഖ്യ വിപ്പായും നിർദേശിച്ചതായാണ് വിവരം. പിന്തുണക്കത്തിൽ 58 എം.എൽ.എമാരുടെ ഒപ്പുകളുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഋതബ്രത ബന്ദ്യോപാധ്യായിയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. അതിനുശേഷമാണ് വിമത നീക്കങ്ങൾ ശക്തമായത്. അതേസമയം, സ്പീക്കർക്ക് നൽകിയ കത്തിൽ മമത ബാനർജിയെ പാർട്ടിയുടെ അധ്യക്ഷയായി വിശേഷിപ്പിച്ചിട്ടുണ്ടെന്നും വിമതരുടെ പ്രതിഷേധം പാർട്ടി അധ്യക്ഷയ്ക്കെതിരെയല്ല, നിലവിലെ നിയമസഭാ നേതൃത്വ ഘടനയ്ക്കെതിരെയാണെന്നും സൂചനയുണ്ട്. ഈ സംഭവവികാസം തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നതായാണ് വിലയിരുത്തൽ.