പത്തനംതിട്ട | മേയ് 30
പോക്സോ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യൂട്യൂബർമാർ അറസ്റ്റിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകളുമായി ബന്ധപ്പെട്ടവർക്കെതിരെയാണ് അടൂർ പോലീസ് കേസ് എടുത്തത്.
ശ്രീ വ്ലോഗ് ചാനൽ ഉടമ ശ്രീജിത്തും ഭാര്യയും, വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ എന്നിവരടക്കം ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അഗ്നി, അനീഷ് എന്നിവരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്.
പോക്സോ കേസിലെ പ്രതിയുടെ വീഡിയോ ദൃശ്യങ്ങൾ പോലീസിന്റെ കൈവശത്തിൽ നിന്ന് ലഭിച്ചുവെന്ന പേരിലായിരുന്നു ഭീഷണി. പത്ത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി.
പോക്സോ കേസിലെ പ്രതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രതികൾക്കെതിരെ തെളിവുകൾ ലഭിച്ചതും അറസ്റ്റ് നടന്നതും.
മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളും യൂട്യൂബ് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പണം തട്ടാനും ശ്രമിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേസിനെ പോലീസ് ഗൗരവമായാണ് കാണുന്നത്.