ന്യൂഡൽഹി | മേയ് 30
രാജിക്കുശേഷം കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളുമായാണ് ഡൽഹിയിൽ അദ്ദേഹം ചർച്ച നടത്തിയത്.
മകൻ യതീന്ദ്രയ്ക്കൊപ്പമാണ് സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതൃത്വത്തെ കണ്ടത്. പുതിയ മന്ത്രിസഭയിൽ യതീന്ദ്രയ്ക്കും സ്വന്തം വിശ്വസ്തർക്കും പ്രധാന വകുപ്പുകൾ നൽകണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രി പദവി നൽകണമെന്ന സമ്മർദ്ദവും ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭ സീറ്റ് സിദ്ധരാമയ്യ നിരസിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.
രാജ്യസഭയിലേക്ക് തന്റെ അനുയായികളെ പരിഗണിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലെ അധികാരമാറ്റവും പുതിയ മന്ത്രിസഭ രൂപീകരണവും മുന്നിൽ കണ്ടാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും തമ്മിൽ ഏകദേശം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും അറിയിച്ചു. കർണാടകയിലെ ഭരണ മാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.