കൊച്ചി | മേയ് 29
വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശിയായ നിതിനെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി നിതിന് നേരത്തെ ബന്ധമുണ്ടായിരുന്നു. ഇതിനിടെ നിതിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തർക്കത്തിനിടെ നിതിൻ യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. യുവതി മരിച്ചുവെന്ന് കരുതിയ പ്രതി കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി നിതിനെ അറസ്റ്റ് ചെയ്തു.
സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. യുവതിക്കെതിരെ നടന്ന അതിക്രമത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താനിടയുണ്ടെന്നും സൂചനയുണ്ട്.