തിരുവനന്തപുരം, മേയ് 29
തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന പ്രചാരണം ശക്തമാകുന്നു. ഒരു മാസമായി സുഗതൻ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ “കൗൺസിലറെ കാണാനില്ല” എന്ന ഫ്ലെക്സുകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ആർ. സുഗതനെതിരെ പോലീസ് നടപടി എടുത്തത്. കേസിൽ ഒന്നാം പ്രതിയായ സുഗതനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്.
ഭക്തിഗാനമേളയ്ക്കിടെ ഉണ്ടായ ബഹളത്തിൽ ഇടപെട്ട് ആളുകളെ തടയുക മാത്രമാണ് സുഗതൻ ചെയ്തതെന്നാണ് ബിജെപി നേതാക്കളുടെ വാദം. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും മനപ്പൂർവം ആക്രമിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുഗതൻ ഒളിവിലാണെന്ന ആരോപണം ശക്തമായത്.
അതേസമയം നേരിട്ട് ഡിവിഷനിൽ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ആർ. സുഗതൻ ഇപ്പോഴും സജീവമാണ്. രണ്ട് ദിവസം മുൻപ് വരെ വിവിധ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സംഭവം രാഷ്ട്രീയ വിവാദമായി മാറിയതോടെ വാഴോട്ടുകോണം മേഖലയിലെ രാഷ്ട്രീയ സംഘർഷവും ശക്തമായിരിക്കുകയാണ്. പോലീസ് അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.