സ്ഥലം: ഭോപ്പാൽ, മധ്യപ്രദേശ് | തീയതി:29-5-2-26 ചൊവ്വാഴ്ച
വിവാഹം കഴിഞ്ഞ് അഞ്ചാം മാസം; യുവ നടിയുടെ ദുരൂഹ മരണം
ഭോപ്പാലിലെ ബാഗ്മുഗാലിയ പ്രദേശത്തെ ഭർത്താവിന്റെ വീട്ടിൽ യുവ മോഡലും നടിയുമായ ട്വിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസിൽ മുൻ ജില്ലാ ജഡ്ജിയായ ഗിരിബാല സിങ്ങിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ട്വിഷയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് സി.ബി.ഐ നടപടി സ്വീകരിച്ചത്.
ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ അറസ്റ്റ്
മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാല സിങ്ങിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നത്. കേസിൽ നിർണായക തെളിവുകൾ താഴ്ന്ന കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വാട്സ്ആപ്പ് സന്ദേശങ്ങൾ, സാക്ഷിമൊഴികൾ, ട്വിഷയുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരിക്കുകൾ എന്നിവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പോസ്റ്റ്മോർട്ടത്തിൽ പരിക്കുകൾ; കുടുംബം കൊലപാതകമെന്ന് ആരോപണം
മെയ് പന്ത്രണ്ടിനാണ് ട്വിഷയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭോപ്പാൽ എയിംസിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തി. എന്നാൽ ട്വിഷയുടെ കുടുംബം ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ചു.
മൃതദേഹത്തിൽ ആറു പരിക്കുകൾ കണ്ടെത്തിയതായും അതിൽ ചിലത് മരണത്തിന് മുമ്പുണ്ടായതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടത് കൈയിലും വിരലിലും തലയിലും പരിക്കുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സി.ബി.ഐ അന്വേഷിക്കുന്നത് നിർണായക കാര്യങ്ങൾ
ട്വിഷ മരിച്ച രാത്രിയിൽ വീട്ടിൽ ആരൊക്കെ ഉണ്ടായിരുന്നു, മൃതദേഹം ആദ്യം കണ്ടത് ആര്, എങ്ങനെ താഴെയിറക്കി, പോലീസിനെ ഉടൻ അറിയിക്കാതിരുന്നതെന്തിന് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്.
ഫോൺ രേഖകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവയും സി.ബി.ഐ പരിശോധിക്കും.
ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണത്തിൽ
ട്വിഷയ്ക്ക് ഗർഭധാരണമുണ്ടായിരുന്നുവെന്നും അത് ഒഴിവാക്കാൻ ഭർത്താവും അമ്മായിയമ്മയും സമ്മർദം ചെലുത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഇത് ട്വിഷയുടെ സ്വന്തം തീരുമാനമായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ട്വിഷയുടെ കുടുംബം പന്ത്രണ്ട് ദിവസത്തോളം മൃതദേഹം സംസ്കരിക്കാൻ തയ്യാറായിരുന്നില്ല. രണ്ടാമത്തെ പോസ്റ്റ്മോർട്ടവും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട് ഡൽഹി എയിംസിലെ വിദഗ്ധസംഘം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് സംസ്കാരം നടന്നത്.