ഡെറാഡൂൺ: ഉത്തരാഖണ്ഡ് പോലീസ് നടത്തിയ പരിശോധനയിൽ രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകൾ പിടിയിലായി . കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), ഉസ്ബെക്കിസ്ഥാൻ സ്വദേശികളായ കരീന (30), നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിദേശ കറൻസികൾ എന്നിവയും കണ്ടെടുത്തു.
ഇവർ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു
എറിക്ക 2023ൽ ഒരു വർഷത്തെ വിസയിൽ ഇന്ത്യയിലെത്തിയ ശേഷം കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവിൽ കഴിയുകയായിരുന്നു. കരീനയും നിഗോറയും നേപ്പാൾ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതിൽ ഒരാളെ മുൻപ് വ്യാജ രേഖകൾ കൈവശം വെച്ചതിന് ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.
