കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്. മാർച്ച് 18 ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്
400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹമെന്ന് കരുതി വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരായി ചികിത്സയിൽ തുടരുന്നു. നഴ്സിംഗ് ഹോം അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടു. എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.
