ആവേശരഹിതമായി ​ഗവർണറുടെ നിയമസഭയിലെ നയപ്രഖ്യാപനം ; ഒടുവിൽ എംഎൽഎമാരെ ട്രോളി ഗവർണർ

തിരുവനന്തപുരം: പതിവുപോലെ ആവേശരഹിതമായിരുന്നു നിയമസഭയിലെ നയപ്രഖ്യാപനം. സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണിയെണ്ണി വായിച്ചിട്ടും തിരഞ്ഞെടുപ്പുവർഷത്തിൽ ഭരണപക്ഷത്തിന് കൈയടിക്കാൻതോന്നിയത് അതിദാരിദ്രമുക്ത പ്രഖ്യാപനത്തിനുമാത്രം. ഇന്നാട്ടുകാരല്ലെന്നമട്ടിൽ പ്രതിപക്ഷം നിസ്സംഗരായി ഇരുന്നു. ചടങ്ങിന്റെ ബോറടി മൊത്തത്തിൽ ആവാഹിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ഒടുവിൽ എംഎൽഎമാരെ ഒന്ന് ചെറുതായി ട്രോളുകയുംചെയ്തു. ഉപസംഹാരത്തിലേക്ക്‌ അദ്ദേഹം കടന്നതിങ്ങനെ: ‘‘ഞാൻ അസാനിപ്പിക്കുകയാണ്. നിങ്ങളിൽ ഭൂരിഭാഗത്തിനും ആശ്വാസകരമായ കാര്യമാണിത്.’’

നയപ്രഖ്യാപനം ഇങ്ങനെ നീളുന്നതിൽ എന്തുപ്രസക്തി

ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ചതെല്ലാം നയപ്രഖ്യാപനമായി അംഗീകരിക്കും. തുടക്കവും ഒടുക്കവും മാത്രം അംഗീകരിച്ചാലും അങ്ങനെത്തന്നെ. എന്നാലും, മണിക്കൂറുകളോളം ഗവർണർമാർ ഒറ്റനിൽപ്പ്‌ നിന്നാണ് നയപ്രഖ്യാപനം നടത്തുന്നത്. ഇതിനിടെ എംഎൽഎമാർ പല ആവശ്യങ്ങൾക്ക് പുറത്തുപോയിവരും. ചിലർ ഉറങ്ങും. പദ്ധതികളുടെ കാല്പനിക മലയാളംപേരുകൾ വായിക്കാൻ പതിവുപോലെ ആർലേക്കറും ബുദ്ധിമുട്ടി. നയപ്രഖ്യാപനം ഇങ്ങനെ നീളുന്നതിൽ എന്തുപ്രസക്തിയെന്ന് ഒരിക്കൽക്കൂടി തോന്നിക്കുന്നതുകൂടിയായിരുന്നു ഇത്തവണത്തെ നിയമസഭയിലെ അന്തരീക്ഷവും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →