കാക്കനാട്: ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും പ്രാർഥനാ കൂട്ടായ്മകൾക്കും നേരേ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് സീറോമലബാർ സഭ. ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്മസ് കാലം, നിർഭാഗ്യവശാൽ ഭാരതത്തിലെ ചില ഭാഗങ്ങളിൽ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറി. സീറോമലബാർ സഭയുടെ 34-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തെത്തുടർന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുളളത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2026 ജനുവരി ആറു മുതൽ പത്തുവരെയായിരുന്നു സിനഡ് സമ്മേളനം.
വിദ്വേഷത്തിന്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ദുർബലമാക്കുന്നു.
സ്നേഹത്തിന്റെ പ്രവൃത്തികളെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെത്തന്നെ ദുർബലമാക്കുന്നുവെന്ന് സിനഡനന്തര സർക്കുലറിൽ വ്യക്തമാക്കുന്നു. കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്. എതിർപ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും, ധൈര്യപൂർവം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാ മക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
