ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളായി പരിമണിച്ചു. ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം
1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ രാത്രി എട്ടിന് ഒരുമിച്ച് തെരുവിലിറങ്ങി പ്രതിഷേധം നയിക്കാനാണ് റെസ പഹ്‌ലവി ജനങ്ങളോട് ആഹ്വാനം ചെയ്തത്. പ്രക്ഷോഭം തടയാന്‍ രാജ്യവ്യാപകമായി ഇന്‍റര്‍നെറ്റും ഫോണ്‍ സേവനങ്ങളും വിച്ഛേദിച്ച സാഹചര്യത്തില്‍ ഇറാനിലെ ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നും റെസ പഹ്‌ലവി അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
