കൊച്ചി മേയര്‍ സ്ഥാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളിലെ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലത്തീന്‍ സഭയുടെ ആവശ്യം

വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.

മേയര്‍ സ്ഥാനം കൈവിട്ടു പോയതിൽ കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വര്‍ഗീസ്

.അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി .ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍ അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്

തൊടുപുഴ,ഈരാറ്റുപേട്ട നഗരസഭകളിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം

അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്‌സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന്‍ അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്‍കി. ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്‌ലിം ലീഗിന്‍റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →