ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. മോദിയെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണെന്നു പറഞ്ഞ അദ്ദേഹം, മോദി ജീവിക്കുന്നതു തന്നെ ഇന്ത്യയ്ക്കു വേണ്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ മോദി പ്രശംസ. 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു പുതിന്‍.
മോദിയുടെ ഓരോ ശ്വാസത്തിലും ഇന്ത്യയാണെന്നും പുതിന്‍
മോദിയുടെ അശ്രാന്ത സമര്‍പ്പണത്തെ പുതിന്‍ പ്രശംസിച്ചു. തങ്ങള്‍ക്കിടയില്‍ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ വിശ്വസനീയനായ വ്യക്തിയാണ്. അദ്ദേഹത്തെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും ഇന്ത്യയാണെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും
മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും പുതിന്‍ പറഞ്ഞു. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക സഹായം, സാങ്കേതികവിദ്യ വികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം പ്തിജ്ഞാബദ്ധനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
