ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ

ഹൈദരാബാദ്: തെലങ്കാനയില്‍ ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14ന് തെലങ്കാനയിലെ മിരിയാല്‍ഗുഡയിലാണ് സംഭവം നടന്നത്. ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴി പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് മാസം മുൻപ് മാത്രമായിരുന്നു വിവാഹം.

ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ഒരു കോടി രൂപ നല്‍കി വാടകക്കൊലയാളിയെ ഏർപ്പാടു ചെയ്തു. 2018ല്‍ നടന്ന ഈ സംഭവത്തില്‍ നല്‍ഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നല്‍കിയത്. മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

മാരുതി റാവു ജയിലില്‍ ആത്മഹത്യ ചെയ്തു.

2019 ജനുവരിയില്‍ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നല്‍കി. കേസില്‍ അറസ്റ്റിലായ മാരുതി റാവു 2020ല്‍ കുറ്റത്തില്‍ പശ്ചാത്തപിച്ച്‌ കത്തെഴുതി വച്ച ശേഷം ജയിലില്‍ ആത്മഹത്യ ചെയ്തു.

മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുല്‍ ബാരി, അബ്ദുല്‍ കരിം, മാരുതി റാവുവിന്‍റെ സഹോദരൻ ശ്രാവണ്‍ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ല്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയെ വധിച്ച കേസില്‍ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുല്‍ ബാരി എന്നിവർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →