അമരാവതി: വിജയനഗരത്തിൽ, മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നവര്‍ക്ക് പശുവിനെ സമ്മാനമായി നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തില്‍ നിന്നെടുക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8 ശനിയാഴ്ച വിജയനഗരത്തില്‍ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ പ്രഖ്യാപനം.
അപ്പള നായിഡുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,.
നായിഡുവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അപ്പള നായിഡുവിനെ അഭിനന്ദിച്ചു. ദക്ഷിണേന്ത്യയിൽ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുകയാണെന്നതാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആശങ്ക. സമീപഭാവിയിൽ തന്നെ യുവാക്കളുടെ എണ്ണത്തിൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ, യുപി, ബിഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് പിന്നിലാവുമെന്ന് അദ്ദേഹം പറയുന്നു.
കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ
കുടുംബാസൂത്രണമെന്ന ആശയത്തിൽ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. ഈ നിലപാടിന്റെ ഭാഗമായി രണ്ടിൽ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ടിഡിപി വിലക്കിയിരുന്നു. കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ വനിതാ ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നേരത്തെ രണ്ട് തവണ മാത്രമേ പ്രസവാവധി നല്‍കുമായിരുന്നുള്ളു.

