ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ലോക്സഭാ മണ്ഡലപുനര്‍നിര്‍ണയത്തിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത കർമസമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചു. തമിഴ്നാട് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് സ്റ്റാലിൻ ഈ നിർദേശം മുന്നോട്ടുവച്ചത്.
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് പ്രമേയം
സർവകക്ഷി യോഗത്തിൽ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് കേന്ദ്ര സർക്കാരിനെതിരേ പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ 1971ലെ സെൻസസ് അടിസ്ഥാനമാക്കണമെന്നും അതിനായി ഉചിതമായ ഭരണഘടനാ ഭേദഗതി വേണമെന്നും സ്റ്റാലിൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലെ അതിർത്തി നിർണയ ചട്ടക്കൂട് അടുത്ത 30 വർഷത്തേക്ക് നിലനിർത്തണം..
കൂടാതെ, 1971 സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ അതിർത്തി നിർണയ ചട്ടക്കൂട് അടുത്ത 30 വർഷത്തേക്ക് നിലനിർത്തണം. ഈ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റില്‍ ഉറപ്പ് നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയുടെ തലയിൽ മണ്ഡല പുനർനിര്‍ണയത്തിന്റെ വാൾ തൂങ്ങിക്കിടക്കുകയാണെന്നും തമിഴ്‌നാടിനെ അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാന പ്രതിപക്ഷ പാർട്ടികളായ എഡിഎംകെ, കോണ്‍ഗ്രസ്, ഇടത് പാർട്ടികൾ, വിജയുടെ ടിവികെ തുടങ്ങിയവ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. എന്നാൽ, ബിജെപി, നാം തമിഴർ പാർട്ടി (എൻടികെ), തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാർ) എന്നീ പാർട്ടികൾ യോഗം ബഹിഷ്കരിച്ചു

