ന്യൂയോർക്ക്: അമേരിക്കൻ ഉത്പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും ചുമത്തുന്ന തീരുവ അന്യായമാണെന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തീരുവയുദ്ധത്തില്‍ ഇന്ത്യക്കും ഒഴിവില്ലെന്നു ട്രംപ് പ്രഖ്യാപിച്ചു. .യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഏപ്രിൽ 2 മുതൽ തിരിച്ചും തീരുവ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
.
യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ തീരുവ പ്രയോഗിച്ചു. ഇപ്പോൾ അത് തിരിച്ചടിക്കാനുള്ള സമയമാണ്, അവർക്കെതിരേ അതുപയോഗിക്കാൻ തുടങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യക്കും ഒഴിവില്ലെന്ന് മോദിയോടു വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇന്ത്യക്കും ചൈനയ്ക്കും മേൽ തീരുവ ചുമത്തുമെന്ന് പറഞ്ഞ കാര്യം ട്രംപ് ആവർത്തിച്ചു. തീരുവ നയത്തിൽ ഇന്ത്യക്കും ഒഴിവില്ലെന്ന് മോദിയോടു വ്യക്തമായി പറഞ്ഞിരുന്നതായും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അമേരിക്ക ചുമത്തുന്നതിലും ഇരട്ടിയാണ് ചൈന ചുമത്തുന്ന തീരുവ, ദക്ഷിണ കൊറിയയുടെ ശരാശരി തീരുവ നാലിരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് സൈനികമായും മറ്റുപല വഴികളിലും സഹായം നല്‍കുന്നു. എന്നാൽ, അതിന് മറുപടിയായി മറ്റു രാജ്യങ്ങൾ പതിറ്റാണ്ടുകളായി അമേരിക്കയെ സാമ്പത്തികമായി പിഴുതെറിയുകയാണ്. ഇനി അങ്ങനെയാകാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

