തിരുവനന്തപുരം: എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. കെ റെയിലിന്‍റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നല്കി
അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്.
ജനങ്ങളെ ബോധ്യപ്പെടുത്താൻ പറ്റുന്ന ഒന്നും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. എതിർക്കാൻ നൂറുകൂട്ടം കാരണങ്ങളുണ്ടു താനും. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്. കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്‍റ്, ബ്രാണ്ടി/ വൈനറി പ്ലാന്‍റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് അനുമതി നല്‍കിയത്. കമ്പനിയുടെ ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരനാണ്
