കടുവ സംരക്ഷണത്തിനായി 64801 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു

കൊച്ചി:കടുവ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്ത് 591 വില്ലേജുകളിൽ നിന്നുമായി 64801 കുടുംബങ്ങളെ കുടി ഒഴിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു.കേരളത്തിൽ ആയിരത്തോളം കുടുംബങ്ങൾ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിൽ ഉണ്ട്. ഇവർ ഒഴിവാക്കപ്പെടും.എന്നാൽ പുനരധിവാസം സംബന്ധിച്ച തീരുമാനങ്ങളൊന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഡോക്ടർ ജി. എസ്. ഭരദ്വാജ് ഇതു സംബന്ധിച്ച ഉത്തരവ് കടുവ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലെ വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സിസിഎഫിന് നൽകിയിട്ടുണ്ട്. കേരളത്തിനും ഈ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

കടുവ സംരക്ഷണ കേന്ദ്രത്തിന്റെ കോർ ഏരിയയിൽ നിന്നും ആണ് 64,801 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരിക. ഇതിന്റെ ബഫർ സോണിൽ താമസിക്കുന്ന ആളുകൾ കൂടി വരുമ്പോൾ എണ്ണം 3 ഇരട്ടിയിലധികം വരും.

സർക്കാർ ആവശ്യങ്ങൾക്കായി കുടിപ്പിക്കപ്പെടുന്ന ആളുകളുടെ പുനരധിവാസം സംബന്ധിച്ച് വളരെ ശക്തമായ ഒരു വിധി സുപ്രീംകോടതിയുടെതായി സമീപകാലത്ത് വന്നിരുന്നു എന്നാൽ ഈ വിധിയുടെ ആനുകൂല്യങ്ങൾ കടുവ സംരക്ഷണ കേന്ദ്രത്തിലെ കോർ ഏരിയയിൽ നിന്നും ഒഴിവാക്കപ്പെടുന്നവർക്ക് ലഭിക്കുമോ എന്ന് വ്യക്തതയില്ല.താമസക്കാരെ നീക്കുന്നു സംബന്ധിച്ച് ഉള്ള മെമ്പർ സെക്രട്ടറിയുടെ ഉത്തരവിൽ ഈ വക കാര്യങ്ങളെപ്പറ്റി യാതൊരു സൂചനയും ഇല്ല.വനം വകുപ്പിന്റെ ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ കാര്യത്തിൽ കാര്യമായ നഷ്ടപരിഹാരങ്ങൾ കൊടുക്കുന്ന പതിവ് ഇതുവരെയും ഉണ്ടായിട്ടില്ല . ഈ കാര്യത്തിലും അത് ആവർത്തിക്കും എന്നാണ് സംശയിക്കുന്നത്.

കേരളത്തിൽ വനസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം 1996 ഡിസംബർ 12ന് മുമ്പ് വനത്തിൽ താമസിച്ച കൃഷിയോ കച്ചവടമോ ചെയ്തിരുന്നവർക്ക് ഭൂമിയിൽ അവകാശം സിദ്ധിക്കുമെങ്കിലും അത് നൽകുവാൻ സംസ്ഥാനത്ത് നടപടി ആയിട്ടില്ല.അതിന് പിന്നാലെയാണ് ടൈഗർ പ്രോജക്റ്റിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുവാനുള്ള നടപടി വന്നിരിക്കുന്നത്.

കേരളത്തിൽ മൂന്ന് കടുവാ സംരക്ഷണ കേന്ദ്രങ്ങൾ ആണ് ഉള്ളത്.ഇതിൽ വയനാട് കടുവാസംരക്ഷണ കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നടപടികളിൽ ആണ്.പറമ്പിക്കുളം പെരിയാറും ആണ് മറ്റു രണ്ടു സങ്കേതങ്ങൾ.

രാജ്യത്താകെ 55 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്.ഇതിനായി 7 5 7 9 6 ചതുരശ്ര കിലോമീറ്റർ പ്രദേശം വിനിയോഗിക്കുന്നുണ്ട്.രാജ്യത്തിൻറെ മൊത്തം വിസ്തൃതിയുടെ 2.3 ശതമാനം ആണ് ഇത്.

കേരളത്തിലെ രണ്ട് കടുവാ സങ്കേതങ്ങൾക്കായി 643.6 6 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വിനിയോഗിക്കുന്നുണ്ട്.

ലോകത്തെ കടുവാ സംരക്ഷണം പ്രധാനമായും ഇന്ത്യയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.വംശനാശ ഭീഷണി നേരിടുന്ന വന്യജീവിയാണ് കടുവകൾ.ലോകത്താകെ 5 5 7 4 കടുവകൾ മാത്രമാണ് ഉള്ളത്.ഇതിൽ 3 6 8 2 കടുവകൾ ഇന്ത്യയിൽ മാത്രം ഉണ്ട്.2022ലെ കണക്കുകൾ പ്രകാരം ലോകത്തുള്ള കടുവകളിൽ 75 ശതമാനവും ഇന്ത്യയിലാണ് സംരക്ഷിക്കപ്പെടുന്നത്.

ഒരു കടുവയ്ക്ക് കഴിയുന്നതിന് 30 ചതുരശ്ര കിലോമീറ്ററിൽ അധികം പ്രദേശം ആവശ്യമുണ്ട്.ആഗോള സമൂഹം കടുവകളുടെ സംരക്ഷണം ഇന്ത്യയെ ഏൽപ്പിച്ച മട്ടിലാണ് കാര്യങ്ങൾ.പ്രോജക്ട് ആരംഭിക്കുന്നതിനുള്ള ധനസഹായമാണ് അന്താരാഷ്ട്ര സമൂഹം നൽകുന്നത്.ഇതാകട്ടെ കടുവ സംരക്ഷണത്തേക്കാൾ ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കുള്ള പണം ആയിട്ടാണ് വിനിയോഗിക്കപ്പെടുന്നത്.കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഒഴിവാക്കപ്പെടുന്ന ആളുകൾക്ക് രാജ്യത്ത് കോടതി നിർദേശപ്രകാരമുള്ളതോ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമോ ഉള്ള നഷ്ടപരിഹാരവും പുനരധിവാസവും കൊടുക്കുവാൻ അന്താരാഷ്ട്ര സമൂഹം പക്ഷേ ശ്രദ്ധിക്കുന്നില്ല.വംശനാശ ഭീഷണിയുടെ പേര് പറഞ്ഞും വനം വന്യജീവി സംരക്ഷണ നിയമങ്ങളുടെ കാർക്കശ്യം ഉപയോഗപ്പെടുത്തിയും മുതൽ മുടക്കില്ലാതെ താമസക്കാരെ പുറന്തള്ളുന്നതാണ് രീതി.കോർഏരിയയിൽ നിന്നും ആളുകളെ നീക്കുവാൻ ഉള്ള നടപടിയും അങ്ങനെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്.കേരളത്തിൽ ആറായിരത്തോളം ജനസംഖ്യ വരുന്ന ആയിരത്തോളം കുടുംബങ്ങൾ പെരുവഴിയിലേക്ക് എറിയപ്പെടും.രാജ്യത്ത് ആകമാനം അഞ്ചു ലക്ഷത്തിലധികം ആളുകളാണ് വഴിയാധാരമാകാൻ പോകുന്നത്.ഇത് ഒന്നാം ഘട്ടം.ഏരിയയ്ക്ക് ചുറ്റിലുമുള്ള പ്രദേശങ്ങളിലെ ആളുകളെ പിന്നീട് ഒഴിപ്പിക്കും.

കടുവ സംരക്ഷണം കയ്യൊഴിയുവാൻ കഴിയുന്നതല്ല.എന്നാൽ ഇതിൻറെ ഭാഗമായി ഒഴിപ്പിക്കേണ്ടിവരുന്ന ആളുകളുടെ പുനരധിവാസത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ധനസഹായം സ്വീകരിക്കുവാൻ ടൈഗർ കൺസർവേഷൻ അതോറിറ്റി തയ്യാറാവുന്നില്ല.ഉദ്യോഗസ്ഥ വിഭാഗങ്ങൾക്ക് പ്രയോജനം കിട്ടുന്ന വിധത്തിൽ ആണ് ഫണ്ട് വിനിയോഗം ഇപ്പോൾ നടക്കുന്നത്. ഇതാണ് പ്രതിസന്ധിയുടെ കാതൽ

Share