കോലിക്കും രാഹുലിനും അർധ സെഞ്ചറി, വാലറ്റത്ത് കൂട്ടത്തകർച്ച; ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

കോലിക്കും രാഹുലിനും അർധ സെഞ്ചറി, വാലറ്റത്ത് കൂട്ടത്തകർച്ച; ഓസീസിനു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന. തകർപ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്കോർ 148ൽ നിൽക്കേ അർധ സെഞ്ചറി നേടിയ സൂപ്പർ താരം വിരാട് കോലി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ‌ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →