ജെറുസലേം: രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈന്യം. ജവാദ് അബു ഷമല, സക്കരിയ അബു മൊഅമ്മർ എന്നിവർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഹമാസ് ഭരണകൂടത്തിന്റെ ധനകാര്യ മന്ത്രിയും തീവ്രവാദ പ്രവർത്തനങ്ങൾ നയിക്കുന്നയാളുമായിരുന്നു അബു ഷമല. അബു മൊഅമ്മർ ഗാസയിലെ തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രധാന കോർഡിനേറ്ററുമായിരുന്നു.
ജവാദ് അബു ഷമാലയാണ് തീവ്രവാദ ഗ്രൂപ്പിന്റെ ഫണ്ട് കൈകാര്യം ചെയ്തതെന്നും ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നൽകാനും നേതൃത്വം നൽകാനും പണം നീക്കിവച്ചിരുന്നതായും സൈന്യം പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. സക്കറിയ അബു മൊഅമ്മർ, തീവ്രവാദ ഗ്രൂപ്പിന്റെ ആഭ്യന്തര ബന്ധങ്ങളുടെ തലവനായിരുന്നു. “അദ്ദേഹം മുതിർന്ന ഹമാസിന്റെ തീരുമാനമെടുക്കുന്നയാളും ഗാസ മുനമ്പിലെ തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള കോർഡിനേറ്ററുമായിരുന്നു.” ഇസ്രയേൽ സേന വ്യക്തമാക്കി. ഹമാസിന്റെ ഗാസ തലവൻ യഹ്‌യ സിൻവാറിന്റെ വിശ്വസ്തനാണ് കൊല്ലപ്പെട്ട സക്കറിയ അബു മൊഅമ്മർ. ഇസ്രായേൽ രാഷ്ട്രത്തിനെതിരായ നിരവധി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സംഘടനയുടെ തീരുമാനങ്ങൾ എടുക്കുന്നതിലും ഉൾപ്പെട്ടിരുന്ന തീവ്രവാദ ഗ്രൂപ്പിന്റെ സീനിയർ ഫോറത്തിന്റെ ഭാഗമായിരുന്നു ഇയാളെന്നും ഐഡിഎഫ് പറഞ്ഞു.