പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.​ഗോവിന്ദൻ

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്. കരുവന്നൂർ കേസിൽ പാർട്ടി പ്രതിസന്ധി നേരിടുകയാണെന്നും പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും എം.വി. ഗോവിന്ദൻ നിർദേശിച്ചു. താക്കീതിന്റെ സ്വരത്തിലായിരുന്നു ഈ അറിയിപ്പ്..
സെക്രട്ടേറിയറ്റ് യോഗത്തിൽ വച്ചായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കൾക്ക് മുന്നറിയിപ്പും താക്കീതും നൽകിയത്.

സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ മുതിർന്ന നേതാക്കളിൽനിന്ന് വീഴ്ചയുണ്ടായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. കരുവന്നൂരിലുണ്ടായത് ഗുരുതതരമായ വീഴ്ചയാണ്. വേണ്ട രീതിയിൽ പ്രശ്‌നത്തെ കൈകാര്യം ചെയ്തില്ല. സാഹചര്യത്തിനനുസരിച്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവർത്തനങ്ങളിൽ ഉയർന്നിട്ടുള്ള ആരോപണങ്ങൾക്ക് പിന്നിലും കുറ്റാരോപിതരായ നേതാക്കളുടെ ഒറ്റ് നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തിൽ സെക്രട്ടേറിയറ്റംഗങ്ങളിൽനിന്ന് എം.വി. ഗോവിന്ദൻ വിശദാംശങ്ങൾ തേടി. കരുവന്നൂർ കേസ് തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി.

എ.സി. മൊയ്തീനെതിരേയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ വലിയ തിരിച്ചടി പാർട്ടിക്ക് ജില്ലയിലുണ്ടാകുമെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പിൽ മുന്നണിക്ക് ക്ഷീണമുണ്ടാകും. അതിനാൽ തർക്കങ്ങൾ മാറ്റിവെച്ച് ഒന്നിച്ചു മുന്നോട്ടുപോകണമെന്ന് നേതാക്കൾക്ക് നിർദേശം നൽകി. ജില്ലയിൽ ഗ്രൂപ്പിസം ശക്തമാണെന്നും അച്ചടക്കനടപടികളിലേക്ക് കടന്നാൽ കരുവന്നൂരിനേക്കാൾ പാർട്ടിക്ക് വലിയ ക്ഷീണമാകുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

കരുവന്നൂർ വിഷയത്തിൽ ബി.ജെ.പി.യും സമാനകക്ഷികളും നടത്തുന്ന പ്രചാരണത്തിനെതിരേ പൊതുയോഗങ്ങളും കാമ്പയിനും നടത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖന് പകരം പുതിയ ആളുടെ നിയമനമടക്കമുള്ളവ അടുത്ത കമ്മിറ്റിയിൽ പരിഗണിക്കും. സംസ്ഥാന കമ്മിറ്റി യോഗതീരുമാനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സെപ്തംബർ 25 തിങ്കളാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →