ഇന്ത്യ – കാനഡ തർക്കങ്ങൾ ആളിക്കത്തുന്നതിനിടയിൽ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തി ഖാലിസ്ഥാൻ ഭീകരർ. ഇന്ത്യക്കെതിരെ കൂടുതൽ ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഖാലിസ്ഥാൻ ഭീകരർ കൈകോർത്തതായി ഇന്റലിജന്റ്സ് വൃത്തങ്ങൾ അറിയിച്ചു.
കാനഡയിലുള്ള ഐഎസ്ഐ ഏജന്റുമാർ ഖാലിസ്ഥാനി ഗ്രൂപ്പിലെ ഭീകരരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ പറയുന്നു. കാനഡയിലെ വാൻകൂവറിലാണ്കൂടിക്കാഴ്ച നടന്നത്. അഞ്ച് ദിവസം മുമ്പ് നടന്ന രഹസ്യ യോഗത്തിൽ എസ്എഫ്ജെ മേധാവി ഗുർപത്വന്ത് സിംഗ് പന്നുവും ഖാലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തു
പാക് ഐഎസ്ഐയുമായുള്ള ഈ കൂടിക്കാഴ്ചയിൽ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ പരമാവധി പ്രചരിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായാണ് വിവരം. കാനഡയിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഐഎസ്ഐ ധനസഹായം നൽകുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് ജനങ്ങളെ സമര സ്ഥലത്തേക്ക് കൊണ്ടുപോകാനും പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിക്കാനും യുവാക്കളെ ഇന്ത്യയ്ക്കെതിരെ ഇളക്കിവിടാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ 20 ൽ അധികം ഖാലിസ്ഥാനികളും ഗുണ്ടാസംഘങ്ങളും കാനഡയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് എൻഐഎയും രാജ്യത്തെ മറ്റ് ഏജൻസികളും നിരവധി തവണ കാനഡയിലെ എംഎൽഎടികളെ (MUTUAL LEGAL ASSISTANCE TREATIES) അയച്ചെങ്കിലും കനേഡിയൻ അന്വേഷണ ഏജൻസി പ്രതികരിക്കുകയോ അന്വേഷണത്തിൽ സഹകരിക്കുകയോ ചെയ്തില്ല.അതേസമയം കഴിഞ്ഞദിവസം കനേഡിയൻ ഹിന്ദുക്കളെ രാജ്യം വിടാൻ ഭീഷണിപെടുത്തുന്ന ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കനേഡിയൻ ഹിന്ദുക്കൾ ഇക്കാര്യം ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

