അറബ്- ഇസ്രായേൽ സംഘർഷത്തിന് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം മാത്രമാണ് പരിഹാരമെന്ന് സൗദി. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത മന്ത്രിതല യോഗം സൗദി വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ന്യൂയോർക്കിൽ നടന്നു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ അറബ്-ഇസ്രായേൽ സംഘർഷത്തിന് പരിഹാരമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. യു.എൻ ജനറൽ അസംബ്ലി മീറ്റിങിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എഴുപതോളം രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും ഇതര രാജ്യങ്ങളിൽ നിന്നുള്ള അമ്പതോളം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പശ്ചിമേഷ്യൻ സമാധാനത്തിന് ഒരുമിച്ച് ശ്രമിക്കുക, അറബ് മേഖലയിൽ സമാധാനം ഉറപ്പ് വരുത്താൻ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രവർത്തനനങ്ങൾ നടത്തുക ഇതിനായി പ്രത്യേക സമിതികൾ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങൾ മന്ത്രിതല യോഗം ചർച്ച ചെയ്തു.
പലസ്തീൻ അനുഭവിക്കുന്ന മാനുഷിക ലംഘനങ്ങൾക്ക് പരിഹാരം കാണണം. ദ്വീരാഷ്ട്ര പരിഹാരത്തെ കുറിച്ച ചർച്ചയ്ക്കാണ് സൌദി മുൻഗണന നൽകുന്നത്. ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള മന്ത്രിതല യോഗത്തിൽ ഫൈസൽ ബിൻ ഫർഹാൻ അധ്യക്ഷത വഹിച്ചു.അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൾ ഗെയ്ത്, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമെഹ് ശുക്രി, യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി ജോസഫ് ബോറെൽ എന്നിവർ മന്ത്രിതല യോഗത്തിൽ പങ്കെടുത്തു.

