അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. സര്‍ദാര്‍, ഉകയ്, കദന അടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ തുറന്നു. സംസ്ഥാനത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങി.അഞ്ച് ജില്ലകളില്‍ പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയപ്പോയ 200ലേറെ പേരെ രക്ഷിച്ചു. ബറൂച്ച്, നര്‍മദ, വഡോദര ജില്ലകളിലാണ് കൂടുതല്‍ ദുരിതമുണ്ടായത്. ഇവിടങ്ങളിലെ വിവിധ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.
പാഞ്ച്മഹല്‍, ദാഹോദ്, ഖേഡ, ആരവല്ലി, മഹിസാഗര്‍, ബനസ്‌കന്ദ, സബര്‍കന്ദ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട തീവ്ര മഴയാണ് പ്രവചിച്ചത്. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും പടിഞ്ഞാറന്‍ മധ്യപ്രദേശിനും മുകളില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ചക്രവാതച്ചുഴിയുമാണ് ഗുജറാത്തില്‍ കനത്ത മഴക്ക് കാരണം.