ന്യൂഡല്‍ഹി: ഇതിഹാസ ഫുട്ബോള്‍ പരിശീലകന് ആര്‍സന്‍ വെംഗറുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഫിഫയുടെ പരിശീലനകേന്ദ്രം വരുന്നു. ഫുട്ബോള്‍ അക്കാദമിയുടെ വിജയത്തിന് ഫിഫയുടെയും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെയും (എഐഎഫ്എഫ്) സഹകരണം വേണമെന്ന് ഫിഫയുടെ ഗ്ലേബല്‍ ഫുട്ബോള്‍ ഡെവലപ്മെന്റ് ചീഫ് ആയ വെംഗര്‍ പറഞ്ഞു. എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയും സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനും കഴിഞ്ഞമാസം ആസ്ട്രേലിയയില്‍ വെംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫുട്ബോള്‍ അക്കാദമില സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വെംഗര്‍ ഒക്ടോബര്‍ അവസാനം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചു.
ഇന്ത്യയില്‍ അക്കാദമി തുറക്കുന്നതിനെ അതിയായ താല്പര്യത്തോടെയാണ് കാണുന്നത്. ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യക്ക് ജപ്പാനെ പിന്തുടരാവുന്നതാണ്. 93ല്‍ മാത്രം പ്രഫഷണല്‍ ലീഗ് ആരംഭിച്ച ജപ്പാന് ഗ്രാസ്റൂട്ട് ലെവലില്‍ മികച്ച അക്കാദമികള്‍ സ്ഥാപിച്ചാണ് അതിവേഗം ഇന്നത്തെ നിലയിലെത്തിയത്. ഇന്ത്യ ഫുട്ബോളിന്റെ സ്വര്‍ണഖനിയാണ്. കണ്ടെത്തി മിനുക്കിയെടുക്കണമെന്നു മാത്രം. ഫുട്ബോളിന്റെ ആഗോള ജനപ്രീതിയും ഇന്ത്യയിലെ ജനസംഖ്യയും അനുകൂല ഘടകങ്ങളാണ്. എന്നാല്‍, പ്രതിഭകളെ തിരിച്ചറിയുന്നതിനും ഫലപ്രദമായി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും കൂട്ടായ സമീപനം ആവശ്യമാണെന്നും വെംഗര്‍ അഭിപ്രായപ്പെട്ടു. ഫിഫയും എഐഎഫ്എഫും തമ്മിലുള്ള സഹകരണവും അക്കാദമിക്കായുള്ള ശക്തമായ ആഗ്രഹവും വിജയത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭകളെ കണ്ടെത്തുന്നതിന് അപ്പുറത്തേക്ക്, ഗുണനിലവാരമുള്ള പരിശീലനം നല്കുന്നതിലേക്ക് എഐഎഫ്എഫ് ശ്രദ്ധ പതിപ്പിക്കണം. രാജ്യത്ത് അടിത്തട്ടില്‍നിന്ന്, ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ എഐഎഫ്എഫും ഫിഫയും തമ്മിലുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ വിഖ്യാത പരിശീലകനായിരുന്നു ആര്‍സന്‍ വെംഗര്‍.
ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാന്ആര്സന് വെംഗര്‍ ഇന്ത്യയിലേക്ക്
