ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുമായി സഖ്യത്തിലായെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സഖ്യം നിലവിലുണ്ടെന്ന ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. യെദിയൂരപ്പയുടേത് വ്യക്തിപരമായ പ്രതികരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇതുവരെ സീറ്റുവിഭജനത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടന്നിട്ടില്ല. സൗഹാര്‍ദ്ദപരമായാണു ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. യെദ്യൂരപ്പ ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചു നല്ലതു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു നന്ദി’ -ജെ.ഡി.എസ് നേതാവ് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിനേതാക്കളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാന്‍ കുമാരസ്വാമിയുടെ വീട്ടില്‍ യോഗം നടന്നതായാണ് റിപ്പോര്‍ട്ട്. യോഗത്തിന്റെ പിറ്റേന്നായിരുന്നു ബി.ജെ.പിയും ജെ.ഡി.എസും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന യെദിയൂരപ്പയുടെ അവകാശവാദം. എന്നാല്‍, സഖ്യം സംബന്ധിച്ച് തീര്‍പ്പുണ്ടായിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് മണിക്കൂറുകള്‍ക്കുശേഷം ബി.ജെ.പി. വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
ബി.ജെ.പി-ജെ.ഡി.എസ്. ബാന്ധവത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇതിനിടെ നിശിതമായി വിമര്‍ശിച്ചിരുന്നു. ജെ.ഡി.എസിന് ഒരു പ്രത്യയശാസ്ത്രവുമില്ലെന്നും അധികാരത്തിനുവേണ്ടി അവര്‍ എന്തും ചെയ്യുമെന്നുമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറും സഖ്യത്തെ അപലപിച്ചിരുന്നു. സൗകര്യത്തിനനുസരിച്ചു സഖ്യമുണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് ജനവിശ്വാസം നഷ്ടപ്പെടുമെന്നായിരുന്നു ഇരു പാര്‍ട്ടികളോടുമുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, കോണ്‍ഗ്രസ് സംസ്ഥാനം കൊള്ളയടിക്കുന്നതിനാല്‍ ഈ സഖ്യം ജനങ്ങള്‍ക്കാവശ്യമാണെന്ന് കുമാരസ്വാമി തിരിച്ചടിച്ചു.
ജെ.ഡി.എസ്. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് ഇതാദ്യമല്ല. മുമ്പ് ബി.ജെ.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 2018 ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായതും ഇങ്ങനെയാണ്്. എന്നാല്‍, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2023 നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായി. ഇരുപത്തെട്ടില്‍ 25 സീറ്റുകളും നേടി 2019 ല്‍ ബി.ജെ.പി. സംസ്ഥാനം തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 19 സീറ്റ് നേടാനേ ജെ.ഡി.എസിനു കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തില്‍ തകര്‍ച്ച മറികടക്കാന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുന്നതിനെയാണ് കോണ്‍ഗ്രസ് വിമശിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് അഭിപ്രായം പറയരുതെന്നും പരിഹസിച്ച് കുമാരസ്വാമി ഇതിനെ പ്രതിരോധിച്ചു.
ബി.ജെ.പിയുമായി സഖ്യം: തള്ളി എച്ച്.ഡി. കുമാരസ്വാമി
