കണ്ണൂർ : ഡിവൈഎഫ്ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ .പോസ്റ്റു പങ്കുവച്ചു പി.ജയരാജന്റെ മകൻ ജെയിൻ രാജ്. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന് സ്വർണക്കടത്തു കേസിലെ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലാണു പോസ്റ്റ്.
അർജുൻ ആയങ്കിയുടെ കല്യാണത്തിൽ കിരൺ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തിൽ ഫോട്ടോയും ജെയിൻരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 30 കിലോമീറ്റർ അപ്പുറത്ത് കല്യാണം കൂടാൻ പോയത് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിൻ രാജ് പോസ്റ്റിൽ ചോദിക്കുന്നു.
പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിൻ രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. വിഷയം നേരത്തേ ചർച്ച ചെയ്തതാണ്. ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വിശദീകരിക്കുന്നു. ഒരു വർഷം മുൻപ് ഡിവൈഎഫ്ഐ ചർച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തൽ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതു കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.

