ആലപ്പുഴ : കുട്ടനാട്ടിൽ സിപിഐഎം വിട്ട മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ പോസ്റ്റർ പ്രതിഷേധം.. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നാലെയാണ് വിമതർക്കെതിരെ പോസ്റ്ററുകൾ പ്രചരിച്ചത്. 2023 സെപ്തംബർ 9 ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. ഇതിനുപിന്നാലെ നൂറോളം പോസ്റ്ററുകൾ വിവിധയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. വർഗവഞ്ചകരാണെന്നും തൊഴിലാളി പ്രസ്ഥാനത്തെ വഞ്ചിച്ചെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.
കുട്ടനാട്ടിൽ 222 പേരാണ് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നത്. എഎസ് അജിത്, എം ഡി ഉദയ്കുമാർ, വി കെ കുഞ്ഞുമോൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രചാരണം. കഴിഞ്ഞ ആറുമാസമായി ലെവി അടയ്ക്കാതെയും പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തവരുൾപ്പെടെ നിരവധി പേർ ഒരാഴ്ച മുൻപാണ് സിപിഐയിൽ അംഗത്വത്തിന് അപേക്ഷിച്ചത്. ഇതിൽ ആകെ 222 പേർക്കാണ് സിപിഐ അംഗത്വം നൽകിയത്. സിപിഐഎം വിട്ടവരിൽ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏഴ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പത്ത് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെട്ടിരുന്നു. ഇവരിൽ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന മൂന്ന് പേരെയാണ് പാർട്ടി പുറത്താക്കിയത്.

