ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 164 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്ക ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും കളി തീരാന്‍ 66 പന്തുകള്‍ ശേഷിക്കേ ജയം കുറിച്ചു. ചരിത അസാലങ്ക (92 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 62), നായകന്‍ ദാസുന്‍ ഷനക (21 പന്തില്‍ 14) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.
ഓപ്പണര്‍മാരായ ദിമുത് കരുണരത്നെ (ഒന്ന്), പാതും നിസങ്ക (14), കുശല്‍ മെന്‍ഡിസ് (അഞ്ച്) എന്നിവരെ തുടക്കത്തിലേ പുറത്താക്കി ബംഗ്ലാദേശ് വിജയ പ്രതീക്ഷ നിലനിര്‍ത്തി. സദീര സമരവിക്രമെയും (77 പന്തില്‍ 55) ചരിത അസാലങ്കയും ചേര്‍ന്നതോടെ ടീം കരകയറി. നാലാം വിക്കറ്റ് കൂട്ടുകെട്ട് 70 പന്തില്‍ 50 റണ്‍ കടന്നു. സദീര 59 പന്തിലും ചരിത 85 പന്തിലും അര്‍ധ സെഞ്ചുറി കുറിച്ചു. സദീരയെ മെഹ്ദി ഹസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹിം സ്റ്റമ്പ് ചെയ്തതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ വന്ന ധനഞ്ജയ ഡി സില്‍വയും (രണ്ട്) പുറത്തായതോടെ ബംഗ്ളാദേശിനു വീണ്ടും പ്രതീക്ഷയായി.
ചരിതയുടെ കൂട്ടുചേര്‍ന്ന ദാസുന്‍ ശനക കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നില്ല. നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ (122 പന്തില്‍ 89) ഒറ്റയാള്‍ പോരാട്ടമാണു ബംഗ്ളാ സ്‌കോര്‍ 164 ലെത്തിച്ചത്. തൗഹീദ് ഹൃദോയ് (20), മുഹമ്മദ് നയീം (16) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ലങ്കയ്ക്കു വേണ്ടി മഹീഷ പതിരണ നാല് വിക്കറ്റും മഹീഷ തീക്ഷ്ണ രണ്ട് വിക്കറ്റുമെടുത്തു. ധനഞ്ജയ ഡി സില്‍വ, ദുനിത് വല്ലലാഗെ, ദാസുന്‍ ശനക എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →